wayanad-landslide

വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്നേക്ക് നാലു മാസം. സംസ്കരിച്ച നിരവധി മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഡി.എന്‍.എ പരിശോധന ഫലം വൈകുന്നുവെന്നാണ് ദുരന്ത ബാധിതരുടെ പരാതി. മൃതദേഹങ്ങള്‍ പലതും അഴുകിയത് പരിശോധനയെ ബാധിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം.

ദുരന്തത്തില്‍ ചൂരല്‍മല സ്വദേശി സുബൈറിന്‍റെ രണ്ടു കുട്ടികളെ കാണാതായതാണ്. ഡി.എന്‍.എ പരിശോധനക്ക് സാംപിളയച്ചു നാലു മാസമായി കാത്തിരിക്കുകയാണ്. തിരിച്ചറിയാതെ സംസ്കരിച്ച മൃതദേഹങ്ങളില്‍ തന്‍റെ കുഞ്ഞുണ്ടോ എന്നറിയാന്‍ ഫലം വരണം. സുബൈറിനെ പോലെ നിരവധിയാളുകള്‍ക്ക് ഇതു തന്നെയാണ് അവസ്ഥ.

 

ദുരന്തം നടന്ന് പിറ്റേന്ന് മുതല്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സാംപിളുകള്‍ പരിശോധനക്കയച്ചതാണ്. ആദ്യകാലങ്ങളില്‍ വേഗതയുണ്ടായിരുന്നെങ്കിലും പിന്നെ പിന്നെ കാലതാമസം വന്നു തുടങ്ങി. ലഭിച്ച മൃതദേഹമോ മൃതദേഹ ഭാഗമോ അഴുകിയതാണ് കാലതാമസത്തിനു പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. 

സര്‍ക്കാര്‍ കണക്ക് പ്രകാരം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 251. ഡിഎന്‍എ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 77 പേരെയാണ്. 18 മൃതദേഹങ്ങളും 98 മൃതദേഹ ഭാഗങ്ങളും തിരിച്ചറിയാനുണ്ട്. ദിവസങ്ങള്‍ കടന്നു പോകുമ്പോഴും ദുരന്തബാധിതരുടെ ആശങ്കയും നോവും തീരുന്നില്ല. 

അതിനിടെ ബന്ധുവിന്‍റേതെന്ന് കരുതി മറവ് ചെയ്ത് പിന്നീട് ഫലം അറിഞ്ഞ ശേഷം മാറ്റി മറവ് ചെയ്ത സംഭവം സ്ഥിരമായി നടന്നിട്ടുണ്ട്. പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം അറിയിക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.

ENGLISH SUMMARY:

Fouirth month of Wayanad landslide, DNA test result delay plagues victim.