വൈസ് ചാന്‍സലര്‍ നിയമനത്തില്‍ എതിര്‍പ്പ് ശക്തമാകുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ കേസുകളുമായി മുന്നോട്ട് പോയാല്‍ ഗവര്‍ണറും നിയമപോരാട്ടത്തില്‍ വിട്ടു വീഴ്ചക്കില്ല. സി.പി.എമ്മും യുവജന സംഘടനകളും തെരുവില്‍ പ്രതിഷേധിച്ചാല്‍ അപ്പോള്‍ കാണാമെന്ന നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഇനിവരും നാളുകളില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിക്കാം. ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ചതിലൂടെ സര്‍ക്കാര്‍ നല്‍കിയ പട്ടികമാത്രമല്ല, സര്‍ക്കാരിന്‍റെ നിലപാടിനെ അപ്പാടെ തള്ളുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ െചയ്തത്. ഇത് സര്‍ക്കാരിനെയും സിപിഎമ്മിനെയും അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടുണ്ട്. .
വി.സി നിയമനം സ്‌റ്റേ ചെയ്യണം എന്ന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ കാര്യങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക് പോകുമെന്ന് ഉറപ്പായി. സര്‍ക്കാര്‍വാദങ്ങളെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നേരിടാനുറച്ചിരിക്കുകയാണ് ഗവര്‍ണര്‍. സി.പി.എമ്മും എസ്.എഫ്.ഐയും സമരവുമായി തെരുവിലിറങ്ങിയാല്‍ തെരുവില്‍തന്നെ പ്രതികരിക്കാനും ഗവര്‍ണര്‍ മടിക്കില്ലെന്ന് മുന്‍സംഭവങ്ങള്‍ തെളിയിക്കുന്നു. പ്രശ്നങ്ങള്‍ ഇങ്ങനെ കൊടുമ്പിരിക്കൊള്ളുന്നതിനിടെ സര്‍വകലാശാലകളിലെ വി.സിമാര്‍ക്ക് പ്രവര്‍ത്തിക്കാനാകുമോ എന്നത് കാത്തിരുന്നു കാണണം.