TOPICS COVERED

കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ ഡോ.പി.സരിൻ ഒറ്റപ്പാലം ഏരിയ സമ്മേളനത്തിനെത്തി. കോൺഗ്രസിലായിരുന്ന കാലത്ത് പ്രധാന പ്രവർത്തന മേഖലയായിരുന്ന ഒറ്റപ്പാലത്തെ പാർട്ടി വേദിയിൽ സരിന്റെ സാന്നിധ്യം ശ്രദ്ധേയമായി. 

സിപിഎമ്മിൽ അർഹമായ പരിഗണന നൽകുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണു സരിൻ പാർട്ടിയിൽ സജീവമാകുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സരിനെത്തിയത്. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ ഉദ്ഘാടനപ്രസംഗം തീരുന്നതുവരെ സദസിലിരുന്നു. പ്രതിനിധി സമ്മേളനം തുടങ്ങും മുൻപാണു വേദിവിട്ടത്. കോൺഗ്രസിൽ സജീവമായ 2016 മുതൽ സരിന്റെ പ്രധാന പ്രവർത്തനമേഖല ഒറ്റപ്പാലമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതും ഒറ്റപ്പാലത്തു നിന്നാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും കോൺഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവിയായും തിരഞ്ഞെടുക്കപ്പെട്ടതും ഒറ്റപ്പാലത്തു പ്രവർത്തിക്കുന്നതിനിടെ. പിന്നീടു പ്രവർത്തനം  പാലക്കാട്ടേക്കു മാറ്റിയ ഘട്ടത്തിലാണു കോൺഗ്രസുമായി ഉടക്കി ഇടതുപാളയത്തിലെത്തിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർഥിയുമായി. ഇതിനുശേഷം ആദ്യമായാണു പാർട്ടി സമ്മേളന വേദിയിലെത്തുന്നത്. സമ്മേളന നഗരിയിൽ സരിനൊപ്പം ഫോട്ടോയെടുക്കാനും കൈ കൊടുക്കാനും സിപിഎം ജില്ലാ നേതാക്കൾ ഉള്‍പ്പെടെ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. 

ENGLISH SUMMARY:

P Sarin attends cpm ottapalam conference after party switch