കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന തീർഥാടകർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. മുൻകരുതലുകളുടെ ഭാഗമായി പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനം ഹൈക്കോടതി നിരോധിച്ചു. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ശബരിമല തീർഥാടനത്തിന് നിയന്ത്രണമേർപ്പെടുത്തിയുള്ള ഹൈക്കോടതി ഇടപെടൽ. പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ദേവസ്വം ബെഞ്ച് നിരോധിച്ചു. വണ്ടിപ്പെരിയാറിൽ നിന്നും സത്രം, പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും അഴുത വഴിയുമുള്ള മലകയറ്റമാണ് നിരോധിച്ചത്. ഭക്തർ പമ്പയിൽ കുളിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എരുമേലിയിൽ കുളിക്കുന്നതിനും വിലക്കുണ്ട്.
Also Read; മഴകനക്കും: അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കനത്ത മഴയുടെയും മൂടൽമഞ്ഞിന്റെയും പശ്ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന തുടങ്ങിയവരെ ഏത് സാഹചര്യങ്ങൾ നേരിടുന്നതിനുമായി വിന്യസിച്ചിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. എരുമേലിയിൽ വഴിപാട് സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോട്ടയം ജില്ലാ കലക്ടർ സാവകാശം തേടി. ഹർജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.