pr-aravindakshan-02

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നൽകാതിരിക്കാൻ നിലവിൽ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. കേസിൽ, ബാങ്കിലെ മുൻ അക്കൗണ്ടന്റ്  സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചു.

 

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിടക്കം ജാമ്യം നൽകിയ സുപ്രീംകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. കർശന ഉപാധികളോടെയാണ് കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷനും സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എതിർത്തെങ്കിലും നിലവിൽ ജാമ്യം നിഷേധിക്കാൻ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ.

2023 സെപ്റ്റംബർ 26നാണ് കരുവന്നൂർ കേസിൽ അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്. എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബെനാമി വായ്പകൾ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡി വാദം. 

Google News Logo Follow Us on Google News

അരവിന്ദാക്ഷനും കേസിലെ മുഖ്യപ്രതി സതീഷ് കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇ.ഡി. കോടതിയിൽ സമർപ്പിച്ചിരുന്നു. ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വിൽപ്പന നടത്തിയിരുന്നു എന്നും ഇ.ഡി പറയുന്നു. ജാമ്യം തേടി ഇരുവരും കൊച്ചിയിലെ പി.എം.എൽ.എ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതിനിടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഈ വർഷം ജൂണിൽ അരവിന്ദാക്ഷന് ഹൈക്കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ENGLISH SUMMARY:

Karuvannur bank scam cpm leader PR Aravindakshan granted bail