കണ്ണൂര്‍ വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ മോഷണം നടത്തിയ അയല്‍വാസി ലിജീഷിന്റെ പക്കല്‍നിന്നും 267 പവന്‍ സ്വര്‍ണവും ഒരുകോടി 21 ലക്ഷം രൂപയും വീണ്ടെടുത്തെന്ന് പൊലീസ്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷിനെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിരലടയാള പരിശോധനയ്ക്കുശേഷം വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.
ലിജീഷിന്‍റെ വീട്ടില്‍ നിന്ന് 267 പവന്‍ സ്വര്‍ണവും ഒരുകോടി ഇരുപത്തിയൊന്ന് ലക്ഷം രൂപയും കണ്ടെടുത്തു. വീട്ടിലെ കട്ടിലില്‍ പ്രത്യേക അറ നിര്‍മിച്ചാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. സിസിടിവി ക്യാമറകള്‍ മറച്ചാണ് മോഷണം നടത്തിയതെങ്കിലും തിരിച്ചുവച്ച ഒരു ക്യാമറയില്‍ മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പതിഞ്ഞു. ഇരുപതാം തീയതിയാണ് ലിജീഷ് മോഷണം നടത്തിയത്. മറന്നുവച്ച ആയുധമെടുക്കാന്‍ 21ന് വീണ്ടും കയറിയെന്നും പൊലീസ്. Also Read: 'ലോക്കര്‍ തകര്‍ക്കുന്നതില്‍ ലിജീഷ് വിദഗ്ധന്‍'; മുഖം മറച്ചിട്ടും പൊക്കി പൊലീസ്...
76 പേരുടെ വിരലടയാളം പരിശോധിച്ച പൊലീസ് ഇരുനൂറിലേറെപ്പേരെ ചോദ്യം ചെയ്തു. മോഷണസമയത്ത് ഉപയോഗിച്ച മുഖം മൂടിയും വസ്ത്രങ്ങളും പ്രതി കത്തിച്ചെന്നും കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍. തെളിവ് കണ്ടെത്തിയെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും കമ്മിഷണര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തൊണ്ടിമുതല്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു.
ലിജീഷിനെ മുന്‍പ് കണ്ടിട്ടുണ്ടെന്ന് വീട്ടുടമ അഷ്റഫിന്‍റെ മകന്‍ അദ്നാന്‍. പണത്തിനും സ്വര്‍ണത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.