മുനമ്പത്തെ ഭൂ സമരത്തിന് പിന്തുണയുമായി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജുഡീഷ്യൽ കമ്മിഷൻറെ സമയപരിധി കുറച്ച് ഉടൻ പ്രശ്ന പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. സമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. മുനമ്പത്തെ ഭൂമി പ്രശ്നം പത്തുമിനിറ്റുകൊണ്ട് തീര്‍ക്കാം. എന്നാല്‍ പ്രശ്നം വലിച്ചു നീട്ടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എറണാകുളത്തെ കോൺഗ്രസ് ജനപ്രതിനിധികൾ മുനമ്പത്തെ നിരാഹാര സമര പന്തലിലെത്തി. മുനമ്പത്തെ ഭൂ സംരക്ഷണ സമിതിയുടെ നിരാഹാര സമരം 51ാം ദിവസത്തിൽ. രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുന്നതിനിടെ സമരത്തിന് പിന്തുണയുമായി വി.ഡി സതീശന്റെ നേതൃത്വത്തിൽ എറണാകുളത്തെ കോൺഗ്രസ് ജനപ്രതിനിധികളെത്തി. മുനമ്പത്തെ ആർക്കെങ്കിലും കുടിയിറങ്ങേണ്ടി വന്നാൽ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.
വഖഫ് ബോർഡിന് സംസ്ഥാന സർക്കാർ നിർദേശം നൽകിയാൽ മുനമ്പത്തെ പ്രശ്നം പത്തു മിനിറ്റു കൊണ്ട് പരിഹരിക്കാവുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയം വലിച്ചു നീട്ടാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യൽ കമ്മിഷനെ യുഡിഎഫ് നിലപാട് അറിയിക്കും. മുനമ്പത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനമാകെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. കൊച്ചിയിൽ നിന്നാകും തുടക്കം.