ഇടുക്കി കട്ടപ്പനയില്‍ ദേഹത്തേക്ക് പാഞ്ഞുകയറിയ ബസില്‍ നിന്നും യുവാവിന് അദ്ഭുത രക്ഷ. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന കുമളി സ്വദേശി വിഷ്ണുവാണ് അത്ഭുതകരമായി രക്ഷപെട്ടത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ വൈകീട്ട് 7മണിയോടുകൂടിയാണ് അപകടം. സിസിടിവി ദൃശ്യങ്ങളില്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന ഭാഗത്ത് യാത്രക്കാര്‍ക്കായുള്ള കസേരകളിലൊന്നില്‍ യുവാവ് ഇരിക്കുന്നതു കാണാം. സമീപമുള്ള കസേരകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നെങ്കിലും പിറകില്‍ മറ്റു യാത്രക്കാരുമുണ്ട്. യുവാവ് മൊബൈലില്‍ നോക്കിക്കൊണ്ടിരിക്കെയാണ് സ്റ്റാന്‍ഡില്‍ നിര്‍ത്താനായി എത്തിയ ബസ് നിയന്ത്രണം വിട്ട് യുവാവിന്‍റെ ദേഹത്തേക്ക് ഇടിച്ചു കയറുന്നത്. യുവാവ് ഇരുന്ന കസേരയടക്കം പിന്നിലേക്കു മറിയുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ പിന്നോട്ട് ബസ് നീക്കി. ഇതിനിടെ ചുറ്റുമുള്ളവര്‍ ചേര്‍ന്ന് വിഷ്ണുവിനെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.
കട്ടപ്പന– നെടുങ്കണ്ടം റൂട്ടില്‍ ഓടുന്ന ദിയാമോള്‍ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. വിഷ്ണുവിന് കാല്‍മുട്ടിന് പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ല. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് വിഷ്ണുവിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കി. ബസിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.