ആലപ്പുഴ കളര്‍ക്കോട് വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചു എന്നാണ് കേസ്. ആദ്യവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള എഫ്ഐആര്‍ എന്ന് പൊലീസ്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ സഹപാഠികളും, അധ്യാപകരും, വന്‍ ജനാവലിയും വിടനല്‍കിയതിന് പിന്നാലെ, മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. ആയുഷ് ഷാജിയുടെ മൃതദേഹം കാവാലത്തെ വീട്ടിലെത്തിച്ചു. ഇന്‍ഡോറിലുള്ള മാതാപിതാക്കളും സഹോദരിയും വൈകിട്ടോടെ വീട്ടിലെത്തും. കോട്ടയം മറ്റക്കര സ്വദേശി ദേവനന്ദന്‍റെ മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്‍റെ മൃതദേഹം കൊച്ചി ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കി. പാലക്കാട് സ്വദേശി ശ്രീദീപ് വല്‍സന്‍റെ മൃതദേഹം നാലരയോടെ ശേഖരിപുരത്തെ വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് ആറിന് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറുപേരില്‍ രണ്ടുവിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.