കാര്‍ തെന്നിവന്ന് ബസില്‍ ഇടിക്കുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ രാജീവ്. ബസിന് വേഗം കുറവായിരുന്നു. കാര്‍ വരുന്നതു കണ്ടെങ്കിലും ഇടിക്കുമെന്ന് കരുതിയില്ല അപകട സമയത്ത് മഴയുണ്ടായിരുന്നെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. 

‘മഴ കാരണം കാഴ്ചമങ്ങി’

ആലപ്പുഴ കളര്‍കോട്  കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്  അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന ആറ് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ  എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഗുരുവായൂരില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. 

Read Also: മഴ കാരണം കാഴ്ചമങ്ങി; അമിതഭാരവും അപകടകാരണമായി; കണ്ണീര്‍ക്കാഴ്ച

രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. 11 പേരടങ്ങുന്ന വിദ്യാർത്ഥി സംഘം ടവേര വാഹനത്തിൽ സിനിമയ്ക്ക് പോകുമ്പോഴാണ് അപകടം. വാടകയ്ക്ക് എടുത്തതാണ് വാഹനം. ഗൗരീശങ്കർ ആണ് ടവേര വാഹനം ഓടിച്ചിരുന്നത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം  ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. മഴ കാരണം കാഴ്ചമങ്ങിയതും അമിതഭാരവും അപകടകാരണമെന്ന്  ആര്‍.ടി.ഒ അറിയിച്ചു. ബസിലേക്ക് ഇടിച്ചുകയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്നു

ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ്, കൊല്ലം ചവറ വെളിത്തേടത്ത് മക്കത്തിൽ മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി മുതുപ്പിലാക്കൽ കാർത്തികയിൽ ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മി ഭവനിൽ ഗൗരി ശങ്കർ, എടത്വ സ്വദേശി ആൽവിൻ ജോർജ്, തിരുവനന്തപുരം മരിയനാട് ഷെയ്ൻ ഡെൻസ്റ്റൻ എന്നിവർക്കാണു പരുക്കേറ്റത്. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 15 ബസ് യാത്രക്കാർക്കും പരുക്കേറ്റു. ആലപ്പുഴ മെഡി. കോളജിലെ പൊതുദര്‍ശനത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. 

ENGLISH SUMMARY:

Alappuzha accident: Heavy rain, overload led to crash; Lakshadweep native among 5 MBBS students killed