തിരുവനന്തപുരത്തെ പ്രമുഖര്‍ അംഗങ്ങളായുള്ള ട്രിവാന്‍ഡ്രം ക്ലബിന്‍റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. ഭൂമിയില്‍ ക്ലബിന് അവകാശമില്ലെന്ന് കാണിച്ച് തണ്ടപ്പേര്‍ റദ്ദാക്കി റവന്യൂ വകുപ്പ് ഉത്തരവിറക്കി. നിയമപരമായി നേരിടുമെന്ന് ക്ലബ് ഭരണസമിതി അറിയിച്ചു.
തലസ്ഥാന നഗരമധ്യത്തിലെ വഴുതക്കാട് കോടികള്‍ വിലമതിക്കുന്ന അഞ്ചരയേക്കറോളം ഭൂമി. അവിടെയാണ് തലസ്ഥാനത്തെ ഏറ്റവും പ്രധാന ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബ്. എന്നാല്‍ ക്ലബിന് ആ ഭൂമിയില്‍ ഒരവകാശവുമില്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഭൂമി കണ്ടുകെട്ടി സര്‍ക്കാര്‍ ഭൂമിയാക്കുന്നതിന്റെ മുന്നോടിയായി തണ്ടപ്പേര്‍ റദ്ദാക്കിയ റവന്യൂവകുപ്പ് തുടര്‍നടപടിക്ക് ലാന‍്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്ന യൂറോപ്യന്‍ ക്ലബാണ് 1991ല്‍ ട്രിവാന്‍ഡ്രം ക്ലബായി റജിസ്റ്റര്‍ ചെയ്തത്. യൂറോപ്യന്‍ ക്ലബിന്റെ ഭൂമി പിന്തുടര്‍ച്ചയായി ട്രിവാന്‍ഡ്രം ക്ലബിന് ലഭിച്ചെന്നായിരുന്നു ഭാരവാഹികളുടെ അവകാശവാദം. എന്നാല്‍ 2017ല്‍ സ്വകാര്യവ്യക്തി ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തില്‍ സ്ഥലത്തിന്റെ ഉടമസ്ഥത ക്ളബിന് അനുവദിച്ചിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറും ജില്ലാ കലക്ടറും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ക്ളബിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലെന്ന് 2021ല്‍ ഹൈക്കോടതി വിധിച്ചു. ഇതോടെയാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയത്. ഭാരവാഹികള്‍ സമര്‍പ്പിച്ച രേഖയില്‍ ഉടമസ്ഥത തെളിയിക്കുന്നതൊന്നും ഇല്ലന്നും കരമടച്ച രേഖകൊണ്ട് മാത്രം ഉടമസ്ഥരാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉടമസ്ഥത തള്ളിയത്. എന്നാല്‍ ഉടമസ്ഥത തെളിയിക്കാന്‍ കോടതിയെ സമീപിക്കുമെന്നും നൂറ് വര്‍ഷത്തിലേറെയായി കടമടച്ച് വരുന്ന ഭൂമിയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.