Image: Internet

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളി. കെ.എസ്.ഇ.ബി സർക്കാരിന് നൽകേണ്ട വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഭാഗമായാണ് നടപടി. അതിനാല്‍ ഇത് ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ വൈദ്യുതി നിരക്കിനെ ബാധിക്കില്ല. ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ കുടിശിക എഴുതിത്തള്ളുന്നതെന്നും മന്ത്രി പി.രാജീവ് അറിയിച്ചു.

പുതിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനിരിക്കെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളുന്നത് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലേ എന്നാകും ചോദ്യം. എന്നാല്‍ സംസ്ഥാന ബജറ്റ് പ്രകാരം കെ. എസ്. ഇ.ബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനകുടിശ്ശിക ഒഴിവാക്കിയത്.വ്യവസായ വകുപ്പിന് കീഴിലുള്ള 18 സ്ഥാപനങ്ങ ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായി. 

ഏറ്റവും കൂടുതല്‍ കുടിശികവരുത്തിയത് ഓട്ടോകാസ്റ്റ് ലിമിറ്റഡാണ്, 113.08 കോടി രൂപ. ടെക്സ്റ്റൈൽ കോർപ്പറേഷൻ– 53.69 കോടിയും കേരളാ സിറാമിക്സ്- 44 കോടിയും തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ- 12. 86 കോടിയും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ-12.71 കോടിയും നല്‍കാനുണ്ട്. യഥാസമയം ബിൽ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു.