വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവ് ആലപ്പുഴ കളര്‍കോടുണ്ടായ അപകടത്തിന്‍റ ആഘാതം കൂട്ടിയെന്ന്  ആര്‍ടിഒ.  വാഹനം ഓടിച്ച വിദ്യാർഥിക്ക് അഞ്ചുമാസം മുൻപാണ് ലൈസൻസ് ലഭിച്ചത്. അതിന്‍റെ പരിചയക്കുറവ് ഉണ്ടായിരുന്നു.  വാഹനം അത്യാവശ്യം നല്ല വേഗതയിലാണ് വന്നത്.  മഴ സമയത്ത് ബ്രേക്കിങ് കൂടുതൽ മികച്ചതാക്കുന്ന ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം(എ.ബി.എസ്) സംവിധാനം വാഹനത്തിൽ ഇല്ലായിരുന്നു. അതുകൊണ്ടാണ് ബ്രേക്ക് ചെയ്തശേഷവും വാഹനം  ഇത്രയധികം തെന്നിനീങ്ങിയത്. രണ്ടുവഹനങ്ങളുമടിച്ചത്   കോര്‍ണറിലായാണ് . ഇതും ഇടിയുടെ ആഘാതം കൂട്ടി . ഇടി നേര്‍ക്കുനേര്‍ ആയിരുന്നെങ്കില്‍ പോലും ഇത്രയും നാശം ഉണ്ടാകുമായിരുന്നില്ല

വാഹനം 14 വർഷം പഴക്കമുള്ളതായതിനാൽ അതിന്‍റേതായ കുറവുകൾ ഉണ്ടായിരുന്നു. ഏഴുപേർ സഞ്ചരിക്കേണ്ട വാഹനത്തിൽ 11 പേരാണ് അപകട സമയത്ത് യാത്ര ചെയ്തത്. വാഹനത്തിനകത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നതും  നിയന്ത്രണം നഷ്ടമാകാൻ  കാരണമായേക്കാം. ഓവർ ടേക്ക് ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമല്ല.  ഇത്തരം സാഹചര്യത്തിൽ എയർ ബാ​ഗ് ഉണ്ടായിരുന്നെങ്കിൽ പോലും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്, എയർ ബാ​ഗ് പൊട്ടി പോകാനാണ് സാധ്യത.  കാരണം അത്രയും വലിയ ആഘാതമാണ്  ഉണ്ടായത് . 

 Also Read: അപകടം: കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതം; റെന്റ് എ കാര്‍ ലൈസന്‍സില്ല: ആര്‍ടിഒ

അതേസമയം, വിദ്യാർഥികൾ ഓടിച്ച കാര്‍ നല്‍കിയത് അനധികൃതമായാണെന്ന് വ്യക്തമായി. റെന്‍റ് എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് വിദ്യാർഥികൾക്ക് കാര്‍ നല്‍കിയത്.

വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്നത് 11 വിദ്യാര്‍ഥികളില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെനില ഗുരുതരം. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്.

ENGLISH SUMMARY:

The RTO stated that the inexperience of the student driving the vehicle in the Alappuzha Kalarkode accident contributed to the severity of the crash