സുഹൃത്തിന്‍റെ വീട്ടില്‍ പാര്‍ട്ടിക്കെത്തിയ നിയമ വിദ്യാര്‍ഥി ഏഴാംനിലയില്‍ നിന്നും വീണുമരിച്ചു. നോയിഡയിലാണ് സംഭവം. ഗാസിയാബാദ് സ്വദേശിയായ തപസാ(23)ണ് മരിച്ചത്. നോയിഡയിലെ സ്വകാര്യ സര്‍വകലാശാലയിലെ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്നു തപസ്.
ഇന്നലെ വൈകുന്നേരത്തോട് കൂടിയാണ് സുഹൃത്തുക്കളെല്ലാം കൂടി നോയിഡയിലെ സുപ്രീം ടവേഴ്സിലുള്ള ഫ്ലാറ്റില്‍ ഒത്തുചേര്‍ന്നത്. ഏകദേശം 4.30 ഓടെ ശേഷം തപസ് വീണുമരിച്ചുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. തപസിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സുഹൃത്തുക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അപകടം സംഭവിച്ചതാണോ അതോ വാക്കുതര്‍ക്കത്തെയോ മറ്റോ തുടര്‍ന്നുണ്ടായതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
ഗാസിയാബാദിലുള്ള തപസിന്‍റെ കുടുംബത്തെ വിവരമറിയിച്ചുവെന്നും സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നും എല്ലാവശങ്ങളും പരിശോധിക്കുമെന്നും നോയിഡ പൊലീസിന്‍റെ മാധ്യമ വിഭാഗം അറിയിച്ചു. അതേസമയം, തപസിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. തപസിനെ സഹപാഠിയായ വിദ്യാര്‍ഥിനി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന സ്ഥലത്തേക്കാണ് തപസ് പതിച്ചതെന്നും ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസിനോട് വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റിട്ടുണ്ടാവുകയേ ഉള്ളൂവെന്നാണ് വിചാരിച്ചതെന്നും ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിദ്യാര്‍ഥിയെയാണ് കണ്ടതെന്നും ജീവനക്കാര്‍ പറയുന്നു. തലയില്‍ തൊട്ട് നോക്കിയപ്പോള്‍ ശ്വാസം നിലച്ചതായി തോന്നിയതോടെ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും സുരക്ഷാ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.