തൃശൂര്‍ പുതുക്കാട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ദേശീയപാതയുടെ അരികില്‍ ടാര്‍ അവശിഷ്ടങ്ങളുടെ കൂനയില്‍ തട്ടിയാണ് ബൈക്ക് മറിഞ്ഞത്. മലപ്പുറം തിരൂര്‍ സ്വദേശി അഭിനന്ദ് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരുക്കേറ്റു.
ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും മധ്യേയുള്ള വിടവിലായിരുന്നു ടാര്‍ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരുന്നത്. അര്‍ധരാത്രിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടം നടന്ന മേഖലയില്‍ വെളിച്ചക്കുറവുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കളര്‍കോട് അപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് തൃശൂരില്‍ നിന്നും മറ്റൊരു അപകടവാര്‍ത്ത കൂടി എത്തിയത്.
കളര്‍കോട് അപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറുപേരില്‍ രണ്ടുവിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.