അപകടങ്ങളുടെ ബ്ലാക്സ്പോട്ടായി മാറുകയാണ് ആലപ്പുഴ കളര്‍കോട്– തോട്ടപ്പള്ളി പാത. 12 ബ്ലാക് സ്പോട്ടുകളുളള പാതയില്‍ 15 കിലോമീറ്ററിനുള്ളില്‍ ഒരുവര്‍ഷത്തിനിടെ 40 അപകടങ്ങളാണുണ്ടായത്, മരിച്ചത് 14 പേര്‍. 12 ബ്ലാക് സ്പോട്ടുകളാണ് ഈ 15 കിലോമീറ്ററിലുള്ളത്. ദേശീയപാത നിര്‍മാണത്തിലെ അശ്രദ്ധയും അപകടങ്ങള്‍ക്ക് പ്രധാന കാരണമാണ്. കാര്‍ ലോറിയിലിടിച്ച് കഴിഞ്ഞവര്‍ഷം അഞ്ചുസുഹൃത്തുക്കള്‍ മരിച്ചിരുന്നു. 1998ല്‍ കളര്‍കോട് തന്നെ കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് മരിച്ചത് നാലുപേരാണ്. സംസ്ഥാനത്തെ മൊത്തം അപകടങ്ങളുടെ കണക്കെടുക്കുകയാണെങ്കിലും റോഡ് അപകടങ്ങള്‍ കുതിച്ചുയരുകയാണ്. 2023 ജനുവരി മുതല്‍ 2024 ഒാഗസ്റ്റ് വരെയുള്ള ഇരുപതു മാസങ്ങളില്‍ 6,534 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. ആകെ 80,465 അപകടങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായത്.
അതേസമയം, കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളായ ആയുഷ് ഷാജിയുടെയും ദേവനന്ദന്റെയും സംസ്ക്കാരം ഇന്ന് നടക്കും. കുട്ടനാട്ടിലെ കാവാലം കൃഷ്ണപുരം നെല്ലൂർ വീട്ടുവളപ്പില്‍ രാവിലെ പത്തിനാണ് ആയുഷിന്റെ സംസ്കാരം. മാതാപിതാക്കൾ ഇന്നലെ വൈകിട്ട് ഇൻഡോറിൽ നിന്ന് കാവാലത്തെ കുടുംബ വീട്ടിലെത്തി. കോട്ടയം മറ്റക്കരയിലെ വീട്ടുവളപ്പില്‍ രണ്ടുമണിക്കാണ് ദേവനന്ദന്റെ സംസ്കാരച്ചടങ്ങുകള്‍.
അപകടത്തില്‍ പരുക്കേറ്റവരുടെ ചികില്‍സയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10ന് മെഡിക്കല്‍ ബോര്‍ഡ് ചേരും. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ബോര്‍ഡ് യോഗത്തില്‍ 10 വകുപ്പ് മേധാവികള്‍ പങ്കെടുക്കും. 10 മണിക്കും മൂന്നുമണിക്കുമാണ് ബോര്‍ഡ് യോഗം.