കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊന്നകേസില്‍ പ്രതി ലക്ഷ്യമിട്ടത് ഭാര്യയെയും ബിസിനസ് പങ്കാളിയെയും. സംശയമാണ് കൊലപാതകത്തിന് കാരണം. ബിസിനസ് പങ്കാളി രണ്ടു ദിവസം മുന്‍പ് തന്നെ മര്‍ദിച്ചെന്ന് പ്രതി പത്മരാജന്‍ മൊഴി നല്‍കി. കണ്‍മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റിയില്ല. കാറിലുണ്ടായിരുന്നത് മറ്റൊരു യുവാവാണെന്ന് അറിഞ്ഞില്ലെന്നുമാണ് പത്മരാജന്‍റെ മൊഴി. 

കൊല്ലത്ത് നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് കൊട്ടിയം തഴുത്തല സ്വദേശി അനിലയെ പത്മരാജന്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ വച്ച് ഇന്നലെ രാത്രി ഒൻപതിനാണ് സംഭവം. ഭർത്താവ് പത്മരാജൻ കൃത്യം നടത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയിരുന്നു. അനിലയ്ക്കൊപ്പം കാറിൽ ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ചികിത്സയിലാണ്. അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ എത്തിയ പത്മരാജൻ തടഞ്ഞു. തുടർന്ന് പത്മരാജൻ കാറിന് നേർക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ALSO READ: ‘ബിസിനസ് പങ്കാളി കണ്‍മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റിയില്ല’; പത്മരാജന്‍റെ മൊഴി...

കാര്‍ ഓടിച്ചത് അനിലയെന്നും, പത്മരാജന്‍ കാര്‍ ചേര്‍ത്തുനിര്‍ത്തിയതിനാല്‍ അനിലയ്ക്ക് പുറത്തിറങ്ങാനായില്ലെന്നും ദൃക്സാക്ഷി അനന്തു മനോരമ ന്യൂസിനോട് പറഞ്ഞു. പൊള്ളലേറ്റ് ഒരു യുവാവ് പുറത്തേക്ക് ചാടി, പത്മനാണ് കത്തിച്ചതെന്ന് പറഞ്ഞ് കരഞ്ഞു. സീറ്റ് ബെല്‍റ്റ് കത്തി ഉരുകിയപ്പോള്‍ രക്ഷപ്പെടാന്‍ അനില ശ്രമിച്ചു, തീ ആളിക്കത്തിയതിനാല്‍ രക്ഷപ്പെടാന്‍  കഴിഞ്ഞില്ലെന്നും സ്ഥലത്തുണ്ടായിരുന്ന അനന്തു പറഞ്ഞു.

കാറിലുണ്ടായിരുന്ന അനില സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. കൊലപാതകത്തിന് ശേഷം  ഓട്ടോറിക്ഷയിൽ പത്മരാജൻ ഈസ്റ്റ് പൊലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തായ യുവാവുമായി ചേർന്ന് അനില ബേക്കറി നടത്തുന്നത് പത്മരാജന് താല്പര്യമില്ലായിരുന്നു. ബേക്കറിയുടെ പണമിടപാടിനെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായിരുന്നു. തീപിടുത്തത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. ഫോറൻസിക് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. 

ENGLISH SUMMARY:

In the case, young woman was set on fire and killed in Kollam, the accused's targets were his wife and business partner.