വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് വൈകുന്നേരമോ നാളെയോ പ്രഖ്യാപിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചാംതവണയാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്. ഇത്തവണ ആറുശതമാനത്തില്‍ താഴെയായിരിക്കും വര്‍ധന. അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുമാണ് കെഎസ്ഇബിയുടെ അധികബാധ്യതയ്ക്ക് കാരണം.
വൈദ്യുതി ബോര്‍ഡ് ഏറ്റവും കുറഞ്ഞത് 30 പൈസയുടെ വര്‍ധന ആവശ്യപ്പെട്ടെങ്കിലും ആറുശതമാനത്തില്‍ താഴെയായിരിക്കും വര്‍ധന. അതായത് യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസവരെ കൂടാം. പ്രതിമാസം 50 യൂണിറ്റ് വരൈ വൈദ്യുതി ഉയോഗിക്കുന്നവരെ വര്‍ധനയില്‍ ഒഴിവാക്കിയേക്കും ജലവൈദ്യുതോല്‍പാദനം കുറഞ്ഞതും ഉപഭോഗം കുതിച്ചുയര്‍ന്നതുമാണ് കെഎസ്ഇബിയുടെ ബാധ്യത കൂട്ടിയത്.
വൈദ്യുതി ഉപയോഗത്തില്‍ നിലവിലെ റെക്കോര്‍ഡ് ഈ വര്‍ഷം മേയ് മൂന്നിനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 115.94 ദശലക്ഷം യൂണിറ്റ് അന്ന് കേരളം ഉപയോഗിച്ചപ്പോള്‍ അതില്‍ 93.13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയായിരുന്നു. മേയില്‍ ആദ്യദിനങ്ങളില്‍ 90 ദശലക്ഷം യൂണിറ്റിന് മേല്‍ വൈദ്യുതി വാങ്ങേണ്ടിവന്നു. വേനല്‍മഴ കാര്യമായി ലഭിക്കാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുത് ജലവൈദ്യുതോല്‍പ്പാദനം കുറച്ചു. പ്രതിസന്ധിയുടെ ആഴം കൂടിക്കൂടിവരുന്നവെന്ന് കഴിഞ്ഞ മേയില്‍ത്തന്നെ മനോരമ ന്യൂസ് റിപ്പോര്‍ട്ടുചെയ്തിരുന്നു.
സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തന്നെ തകരാറിലാക്കുന്നവിധത്തില്‍ തരത്തില്‍ വൈദ്യുതി ഉപഭോഗം കൂടിയതിനെത്തുടര്‍ന്ന് വ്യവസായ–വാണിജ്യ ഉപയോക്താക്കാള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു. ദീര്‍ഘകാല കരാറിലൂടെ മൂന്ന് കമ്പനികളില്‍ നിന്ന് യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നത് റദ്ദാക്കിയതാണ് മറ്റൊരുകാരണം. ഈ മേയില്‍ കരാര്‍ റദ്ദാക്കിയതോടെ ബോര്‍ഡിന്റെ പ്രതിദിന അധികബാധ്യത ശരാശി മൂന്നുകോടിരൂപയായി. കരാര്‍റദ്ദാക്കിയത് കാരണം ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്‍കി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങി. ഇതിന്റെയെല്ലാം ഭാരമാണ് വൈദ്യുതി നിരക്ക് വര്‍ധനയായി ജനങ്ങളുടെ മേല്‍ വരുന്നത്.