സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുതിച്ചുയരുന്നു. 2023 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള ഇരുപതു മാസങ്ങളില്‍ 6,534 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. ആകെ 80,465 അപകടങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായത്.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞതിന്‍റെ നടുക്കം വിട്ടുമാറും മുന്‍പാണ് റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. 2023 ജനുവരി മുതല്‍ 2024 ഒാഗസ്റ്റ് വരെയുള്ള ഇരുപതു മാസങ്ങളില്‍ 6534 മനുഷ്യരാണ് സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത്. അതായത് ഒരുമാസം 326 ജീവനുകള്‍ പൊലിയുന്ന അവസ്ഥ. ഈ കാലയളവില്‍ 80,465 റോഡ് അപകടങ്ങളാണ് ഉണ്ടായത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍വരെ റോഡ് അപകടങ്ങള്‍ കുറക്കാനും അപകടത്തില്‍പെടുന്നവരെ രക്ഷിക്കാനും പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും വേണ്ട ഫലം കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. റോഡുകളുടെ നിലവാരം ഉയരണം. ഒപ്പം ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടണം. നിയമലംഘനങ്ങള്‍ക്ക് ശിക്ഷയും ലഭിക്കണം.