ഇത്തവണത്തെ പൂജാം ബംപര്‍ ഭാഗ്യശാലി കാണാമറയത്തല്ല. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ ദിനേശ് കുമാറിനാണ് 12 കോടി രൂപയുടെ പൂജ ബംപറടിച്ചത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് ലോട്ടറിയെടുത്ത ദിനേശ് കുമാര്‍ ഏജന്‍സിയില്‍ നേരിട്ടെത്തിയാണ് ആഹ്ലാദം പങ്കിട്ടത്.
12 കോടി രൂപയുടെ സമ്മാനമാണെങ്കിലും നികുതികള്‍ കിഴിച്ച് ആറു കോടി 18 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ദിനേശ് കുമാറിന് ലഭിക്കുക. ഇതിനൊപ്പമാണ് ഒരു കോടി രൂപയുടെ അധിക സമ്മാനം.
ഏജന്‍സി വ്യവസ്ഥയിലാണ് ദിനേശ് കുമാര്‍ കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് ടിക്കറ്റെടുത്തത്. 10 ലോട്ടറികള്‍ എടുത്തതില്‍ ഒന്നിനാണ് ബംപര്‍ സമ്മാനം അടിച്ചത്. അതിനാല്‍ കമ്മീഷന്‍ തുകയായ 1.20 കോടി രൂപയും ദിനേശ് കുമാറിന് ലഭിക്കും. ഏജന്‍സി വ്യവസ്ഥയില്‍ ടിക്കറ്റെടുത്തതിനാല്‍ ജയകുമാര്‍ ലോട്ടറിയില്‍ നിന്നും നല്‍കിയ ബില്ലില്‍ ദിനേശ് കുമാറിന്‍റെ പേരുണ്ടായിരുന്നു. ഇതില്‍ നിന്ന് ഇന്നലെ തന്നെ പേര് ലഭിച്ചിരുന്നു.
10 ടിക്കറ്റെടുത്തതിനാല്‍ സബ് ഏജന്‍റാണെന്നാണ് ജയകുമാര്‍ ലോട്ടറീസും കരുതിയിരുന്നത്. എന്നാല്‍ സമ്മാന വിവരമറിഞ്ഞ ശേഷം ദിനേശ് കുമാര്‍ ലോട്ടറി ഏജന്‍സിയിലേക്ക് നേരിട്ട് വിളിക്കുകയായിരുന്നു.
ഫാമും ചെറിയ ബിസിനസുമായി ജീവിക്കുന്നയാണളാണ് ദിനേശ് കുമാര്‍. ലോട്ടറിയടിച്ച ദിനേശ് കുമാറിന് കൊല്ലത്തെ ഏജന്‍സിയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഏജന്‍സിയിലെത്തിയ ദിനേശിനെ തലപ്പാവ് അണിയിച്ചാണ് ഏജന്‍സി ജീവനക്കാര്‍ സ്വീകരിച്ചത്.