മദ്യവും ലോട്ടറിയുമില്ലെങ്കില്‍ കേരളം എന്തു ചെയ്യുമെന്ന് നിരന്തരം കേള്‍ക്കുന്ന ചോദ്യമാണ്. മദ്യം കേരളത്തിന്‍റെ നികുതി വരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുമ്പോള്‍ കേരളത്തിന്‍റെ നികുതിയേതര വരുമാനത്തിന്‍റെ 76 ശതമാനവും നല്‍കുന്നത് ലോട്ടറിയാണ്. സംസ്ഥാനത്തിന് വരുമാനമുണ്ടാക്കുന്നതില്‍ മദ്യവും ലോട്ടറിയും മത്സരിക്കുകയാണെന്ന് തന്നെ പറയാം.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 12,530 കോടി രൂപയാണ് ലോട്ടറി ഖജനാവിലേക്കെത്തിച്ചത്. 2022-23 സാമ്പത്തിക വര്‍ഷം ഇത് 11,892 കോടിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് 5.36 ശതമാനം വളര്‍ച്ച ലോട്ടറി വരുമാനത്തിലുണ്ടായെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റിനോടൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്‍റെ നികുതിയേതര വരുമാനം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15,117 കോടിയായിരുന്നു നികുതിയേതര വരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 16,345 കോടിയായി ഉയര്‍ന്നു. 8.12 ശതമാനം വളര്‍ച്ച. കേരള ലോട്ടറിക്ക് കൈവരുന്ന പ്രചാരവും ജനകീയതയും കേരളത്തിന്‍റെ നികുതിയേതര വരുമാനത്തെ മുന്നോട്ട് നയിക്കുന്നുവെന്നര്‍ത്ഥം.
തിരുവോണം, ക്രിസ്മസ്–പുതുവല്‍സ ബംപറുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ജനപ്രീതി. തിരുവോണം ബംപറില്‍ 70 ലക്ഷത്തിലധികവും കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന ക്രിസ്മസ്–പുതുവല്‍സര ബംപറില്‍ 47 ലക്ഷത്തിലധികം ടിക്കറ്റുകളുമാണ് വിറ്റത്. അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷവും ലോട്ടറി വരുമാനം വര്‍ധിക്കാനാണ് സാധ്യത.
ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനമാണ്. ഇതിന്‍റെ പകുതി, അതായത് 14 ശതമാനം സംസ്ഥാനത്തിനാണ് ലഭിക്കുക. ഇതുവഴിയും കോടികള്‍ സംസ്ഥാന ഖജനാവിലേക്കെത്തുന്നുണ്ട്. വലിയ സമ്മാനത്തുകകളും, നടത്തിപ്പിലെ സുതാര്യതയും അയല്‍ സംസ്ഥാനങ്ങളിലും കേരള ലോട്ടറിക്ക് ജനപ്രീതി വര്‍ധിക്കുകയാണ്. അതിനാല്‍ കേരള ലോട്ടറിക്ക് വളര്‍ച്ചയുടെ കാലമാണ്. അതോടൊപ്പം സംസഥാനത്തിന്‍റെ വരുമാനവും വളരും.