സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിലായ തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് മൂന്നര മണിക്കൂർ വൈകി പുലർച്ചെ 2.10 ന് തിരുവനന്തപുരത്തെത്തി. മണിക്കൂറുകൾ കാത്തിരുന്ന് മടുത്ത മിക്ക യാത്രക്കാരും രൂക്ഷമായാണ് പ്രതികരിച്ചത്. വന്ദേ ഭാരതിന്‍റെ തകരാറിനു കാരണം പവർ സർക്യൂട്ടിലെ തടസമോ സെൻസർ തകരാമോ ആകാമെന്ന് പ്രാഥമിക നിഗമനം.
കൊച്ചുവേളി യാർഡിൽ വിദഗ്ധ സംഘം ഇന്ന് ട്രെയിൻ പരിശോധിക്കും. പതിവ് അറ്റകുറ്റപണികൾക്കായി വ്യാഴാഴ്ച സർവീസില്ലാത്തതിനാൽ തകരാർ പരിഹരിക്കാൻ സമയം ലഭിക്കും. ഇന്നലെ ഷൊർണൂരിൽ മൂന്ന് മണിക്കൂറാണ് ട്രെയിൻ തകരാറിലായിക്കിടന്നത്. മറ്റൊരു എൻജിൻ കൊണ്ടുവന്ന് ഘടിപ്പിച്ച ശേഷമാണ് യാത്ര തുടരാനായത്.