ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരിതബാധിതര്‍ക്കുള്ള ധനസഹായം വൈകാന്‍ കാരണം കേരളമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കുറ്റപ്പെടുത്തല്‍. മൂന്നരമാസത്തിന് ശേഷമാണ് കേരളം റിപ്പോര്‍ട്ട് നല്‍കിയതെന്നും പ്രിയങ്കഗാന്ധിക്ക് നല്‍കിയ മറുപടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടുന്നു. പുനര്‍നിര്‍മാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തബാധിതരുടെ പുനരധിവാസം പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പുനല്‍കിയതാണെന്നും വീടുകളും, സ്കൂളുകളും റോഡുകളുമെല്ലാം നിര്‍മിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വന്‍വീഴ്ച വരുത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. കേരളം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പ്രത്യേക സമിതിയെ കേന്ദ്രം നിയോഗിച്ചുവെന്നും പുനര്‍നിര്‍മാണത്തിനാവശ്യമായ കേന്ദ്രസഹായം അനുവദിക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.