• സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍
  • സംഘപരിവാറിനെപോലും നാണിപ്പിക്കുന്നതാണ് വിജയരാഘവന്‍റെ സമീപനമെന്ന് വി.ഡി. സതീശന്‍
  • എ.വിജയരാഘവന്‍ നടത്തിയത് ക്രൂരമായ പരാമര്‍ശമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം വര്‍ഗീയ ചേരിയുടെ പിന്‍തുണയിലെന്ന സിപിഎം പിബി അംഗം എ വിജയരാഘവന്‍റെ വിവാദ പരാമര്‍ശം  രാഷ്ട്രീയ ചര്‍ച്ചയാവുന്നു. ഇന്ത്യ സംഖ്യത്തിന്‍റെ നേതാക്കന്‍മാരുടെ വിജയത്തെ അപഹസിക്കുന്ന പ്രസംഗത്തിനെതിരെ എഐസിസി സംഘടന ജനറല്‍ സെക്രട്ടറിയും യുഡിഎഫ് നേതാക്കളും രംഗത്തെത്തി. പ്രസംഗത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.

വയനാട് ജില്ലാ സമ്മേളനത്തില്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ ഭൂരിപക്ഷ ലൈനിലേക്ക് മാറുന്ന സിപിഎമ്മിന്‍റെ നയമാറ്റത്തിന്‍റെ ഭാഗമായി വ്യാഖ്യാനിക്കാം. എന്നാല്‍ ഇന്ത്യസംഖ്യത്തിന്‍റെ നേതാക്കന്‍മാര്‍ക്കെതിരെ സഖ്യക്ഷിയായ സിപിഎമ്മിന്‍റെ പിബി അംഗം നടത്തിയ പരാമര്‍ശം ബിജെപിക്ക് ആയുധമാകുമെന്നതാണ് പ്രത്യാക്രമണത്തിന് കോണ്‍ഗ്രസിനെയും ലീഗിനെയും പ്രേരിപ്പിച്ചത്. 

സംഘപരിവാറിനെപോലും നാണിപ്പിക്കുന്നതാണ്  വിജയരാഘവന്‍റെ സമീപനമെന്ന് വി.ഡി. സതീശന്‍.  ക്രൂരമായ പരാമര്‍ശമെന്നായിരുന്നു  പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വായ തുറന്നാൽ വർഗീയതയല്ലാതെ മറ്റൊന്നും പറയാൻ എ വിജയരാഘവന് അറിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി കടന്നാക്രമിച്ചു. Also Read: വിജയരാഘവന്‍ വര്‍ഗീയ രാഘവന്‍; ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നത് പറയുന്നു; കെ.എം.ഷാജി


പ്രയങ്കയുടെ  മാത്രമല്ല എ വിജയരാഘവന്‍റെ മുന്‍പിലും പിന്‍പിലും വര്‍ഗീയ ശക്തികളുണ്ടെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം ജമാഅത്ത് ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂട്ടുപിടിച്ചാണെന്നും വര്‍ഗീയ ശക്തികളെ ബന്ധിപ്പിച്ചത് മുസ്ലീ ലീഗ് ആണെനനും സിപിഎം നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിജയരാഘവന്‍ ഉദ്ദേശിച്ചത് ലീഗിനെയോ മറ്റ് ആരെയെങ്കിലുമാണോ എന്ന് സിപിഎം വ്യക്തമാക്കേണ്ടി വരും. 

ENGLISH SUMMARY:

UDF attacks A. Vijayaraghavan's communal remarks