പള്ളിത്തർക്കത്തിൽ സമവായത്തിനുള്ള ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. സഭാ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് യാക്കോബായ സഭയാണ്. എന്നാൽ ലയനമല്ല, സഹോദരി സഭകളായി സമാധാനത്തോടെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് കുര്യാക്കോസ് മാർ തിയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
കുറ്റങ്ങളും കുറവുകളും മറന്ന് മലങ്കര സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണമെന്നായിരുന്നു ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ ആഹ്വാനം. ഐക്യ ആഹ്വാനത്തെ ശുഭപ്രതീക്ഷയോടെ കാണുന്നുവെന്ന് യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തിയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭാ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് യാക്കോബായ സഭയാണ്. എന്നാൽ രണ്ട് സഭകളും തമ്മിൽ ലയിക്കുന്നത് പ്രായോഗികമല്ല. അതിനാൽ സഹോദരി സഭകളായി സമാധാനത്തോടെ മുന്നോട്ട് പോകാം. സഭകൾ തമ്മിലുള്ള സമാധാനത്തിന് കോടതി നടപടികൾ അവസാനിപ്പിക്കണമെന്നും കുര്യാക്കോസ് മാർ തിയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമവായത്തിനുള്ള ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ ആഹ്വാനം. നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്തതോടെ പള്ളിത്തർക്കത്തിൽ ശാശ്വത പരിഹാരത്തിനുള്ള വഴിയാണ് തെളിയുന്നത്.