ആധ്യാത്മിക,സാമൂഹികരംഗത്തെ സംഭാവനകളും, ഇന്ത്യ -റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നടത്തുന്ന ഇടപെടലുകളും പരിഗണിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയ്ക്ക് റഷ്യ 'ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്'ബഹുമതി സമ്മാനിക്കുന്നത്. ന്യൂഡൽഹിയിലെ റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് വ്ലാദിമിർ പുടിന് വേണ്ടി റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവ് ബഹുമതി കൈമാറും. ചടങ്ങിൽ രാഷ്ട്രീയ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഇന്ത്യയിൽ നിന്ന് പ്രശസ്ത ചലച്ചിത്രകാരൻ മൃണാൾസെൻ, ബ്രഹ്മോസ് തലവൻ എ ശിവതാണുപിള്ള, തമിഴ് സാഹിത്യകാരൻ ജയകാന്തൻ തുടങ്ങിയവർക്ക് റഷ്യൻ പ്രസിഡന്റിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ലഭിച്ചിട്ടുണ്ട്. 2024 ജൂലൈയിൽ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെയിന്റ് ആൻഡ്രൂ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലുള്ള നിർണായക പങ്ക് പരിഗണിച്ചായിരുന്നു പുരസ്ക്കാരം.

സ്വദേശത്തെയും വിദേശരാജ്യങ്ങളിലെയും പ്രതിഭകളെ ആദരിക്കുന്നതിനായി 1994 ലാണ് റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏർപ്പെടുത്തിയത്. ഐക്യരാഷ്ട്ര സഭയുടെ മുൻസെക്രട്ടറി ജനറൽ ബാൻ കി മൂൺ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ തുടങ്ങി നിരവധി പ്രമുഖർക്ക് റഷ്യൻ പ്രസിഡന്റ് പുരസ്ക്കാരം സമ്മാനിച്ചു. ശരീരത്തിൽ നെഞ്ചോട് ചേർത്ത് ഇടതുവശത്തായാണ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ധരിക്കേണ്ടത്. ഒലിവ് ഇലകളാൽ ചുറ്റപ്പെട്ട ഭൂഗോളവും അതിനെ ആവരണം ചെയ്യുന്ന പെന്റഗണൽ നക്ഷത്രവും ചേർന്നതാണ് രൂപകൽപ്പന. സമാധാനവും സൗഹൃദവും എന്ന് റഷ്യൻ ഭാഷയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്.

2021 ഒക്ടോബർ 15നാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ മലങ്കരസഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റത്. തന്റെ മുൻഗാമിയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ സഹോദരൻ പദ്ധതിയിലൂടെ ജാതി മതഭേദമന്യേ ആയിരക്കണക്കിന് ആളുകളിലേക്ക് ഇതിനോടകം ബാവ സഹായം എത്തിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം ഈ കാലയളവിൽ കൂടുതൽ ദൃഢമാക്കി.

ENGLISH SUMMARY:

Honoring HH Baselios Marthoma Mathews III: Russian Order of Friendship Award Ceremony