സ്മാര്‍ട്ട് സിറ്റി കരാര്‍ റദ്ദാക്കലില്‍ ദുരൂഹതയേറ്റി സര്‍ക്കാര്‍ നിലപാടുകള്‍. സര്‍ക്കാരിന് ചെലവായ പണം ടീകോമില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുമ്പോഴും അത് നടപ്പാക്കാത്ത തീരുമാനമാണ് സംശയനിഴലിലുള്ളത്. ഒരു നഷ്ടവുമില്ലാതെ കരാര്‍ അവസാനിപ്പിച്ച് ടീകോമിന് പുറത്തുപോകാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയെന്ന് നിലവില്‍ വ്യക്തമാകുന്നത്. സര്‍ക്കാരിന് വീഴ്ചയുണ്ടായത് കൊണ്ടാണോ അങ്ങോട്ട് പണം നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടി വരും.
കഴിഞ്ഞ ദിവസമാണ് ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയില്ലെന്നും എന്നാല്‍ സര്‍ക്കാരിന് ചിലവായ തുക തിരിച്ചുപിടിക്കാന്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പി.രാജീവ് സമ്മതിച്ചത്. ഇതോടെ മറിച്ചുള്ള വാദം പൊളിഞ്ഞു. പണം തിരികെ പിടിക്കാന്‍ വ്യവസ്ഥയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് ചെയ്യാത്തതെന്ന ചോദ്യം ഉയരുന്നു. പകരം ടീകോമിന്‍റെ ഓഹരി വാങ്ങിക്കുകയും അങ്ങോട്ട് പണം നല്‍കുകയും ചെയ്യാനാണ് തീരുമാനം. ഇത് എന്തിനാണെന്ന ചോദ്യവും ഉയരുന്നു.
പരുക്കുകള്‍ പറ്റാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പുറത്തുപോകാന്‍ ടീക്കോമിനെ സര്‍ക്കാര്‍ സഹായിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്‍റെ ന്യായങ്ങള്‍. പദ്ധതി ഇത്രയും വൈകിച്ചിട്ടും എന്തിന് നഷ്ടം സഹിച്ച് സര്‍ക്കാര്‍ പണം അങ്ങോട്ട് നല്‍കുന്നവെന്നതിന് മറുപടി പറയേണ്ടി വരും. ടീകോമിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തിട്ടും പദ്ധതി പരജായപ്പെടുത്തിയതില്‍ എന്തുകൊണ്ട് ടീകോമിനെതിരെ സര്‍ക്കാര്‍ നിയമനടപടി എടുക്കുന്നില്ല എന്നതിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. സ്മാര്‍ട്ട് സിറ്റിയുടെ പഴയ സിഇഒ ബാജു ജോര്‍ജിനെ രണ്ടു ലക്ഷത്തോളം രൂപ ശമ്പളത്തില്‍ കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ എംഡിയായി സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഇതേ ബാജു ജോര്‍ജിനെ ഇപ്പോള്‍ ടീകോമിന് നല്‍കാനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റിയില്‍ നിയമിച്ചതും രാഷ്ട്രീയ ചര്‍ച്ചയാവുകയാണ്.