സൂംകാർ ഉൾപ്പെടെയുള്ള അനധികൃത 'റെന്‍റ് എ കാർ' സർവീസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ. സമഗ്ര പരിശോധനക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിവരം ലഭിക്കുന്ന മുറക്ക് നടപടികൾ സ്വീകരിക്കും. സൂം കാർ ആപ്പ് ഉൾപ്പെടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റെന്‍റ് എ കാർ ലൈസൻസിന് പുറമേ കറുത്ത നമ്പർ പ്ലേറ്റുകൾ വാഹനങ്ങള്‍ക്ക് നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി. കാറിനും ആപ്പെന്ന മനോരമ ന്യൂസ് പരമ്പരയിലാണ് സൂംകാർ ആപ്പിന്‍റെ നിയമലംഘനങ്ങൾ തുറന്നുകാട്ടിയത്.
2019 മുതല്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പിന്‍റെ പ്രവര്‍ത്തനം തടയാന്‍ കോടതി നിര്‍ദേശിച്ചിട്ടും നടപടിയില്ലെന്നും ആയിരകണക്കിന് വാഹനയുടമകള്‍ അനധികൃത ആപ്പിന്‍റെ ഭാഗമായി ഗുരുതര നിയമലംഘനത്തിന് കൂട്ടു നില്‍ക്കുന്നുവെന്നും മനോരമന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിയമലംഘനം സൈബർ കുറ്റകൃത്യമാണെന്നും കർശന നടപടിയെടുക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആപ്പ് നിരോധിക്കണമെന്ന് എറണാകുളം ആര്‍ടിഒ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.