മതാടിസ്ഥാനത്തിലെ വാട്സാപ് ഗ്രൂപ്പ് രൂപീകരണത്തില്‍ മുന്‍ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കാണിച്ചത് അടിമുടി കള്ളത്തരമെന്ന് വ്യക്തമാക്കുന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് മനോരമ ന്യൂസിന്. തെളിവ് നശിപ്പിച്ചെന്നും വ്യാജപരാതി നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടും ചീഫ് സെക്രട്ടറി നല്‍കിയ കുറ്റാരോപണ മെമ്മോയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ആക്ഷേപം. അതേസമയം സസ്പെന്‍ഷന് ശേഷവും സര്‍വീസ് ചട്ടലംഘനം തുടരുന്നുവെന്ന ഗുരുതര ആരോപണവുമായി എന്‍.പ്രശാന്ത് ഐഎഎസിന് എതിരെ ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നല്‍കി.
ആദ്യം ഒരു കള്ളത്തരം–അതില്‍ നിന്ന് രക്ഷപെടാനായി തുടരെ തുടരെ കള്ളത്തരങ്ങളുടെ പ്രളയം–ഇതാണ് ഐ.എ.എസ് പ്രമുഖനായ കെ.ഗോപാലകൃഷ്ണന്‍ ചെയ്ത് കൂട്ടിയതെന്നാണ് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ഏറ്റവും ആദ്യം ഒക്ടോബര്‍ 31ന് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പുണ്ടാക്കി. അതിനെ ഗ്രൂപ്പിലുള്ളവര്‍ ചോദ്യം ചെയ്തപ്പോള്‍ ഹാക്കിങ്ങാണെന്ന് വരുത്താന്‍ മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചു. പിന്നീട് മൂന്ന് ദിവസം അനങ്ങാതിരുന്ന ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ. എന്നാല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. 4ന് പരാതി നല്‍കിയപ്പോള്‍ ഫോണ്‍ പൊലീസിന് കൈമാറിയില്ല. പൊലീസ് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ വാട്സപ്പില്ലാത്ത ഫോണ്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമം. യഥാര്‍ത്ഥ ഫോണ്‍ വേണമെന്ന് പൊലീസ് ആവര്‍ത്തിച്ചതോടെ രണ്ട് തവണ കൂടി ഫോര്‍മാറ്റ് ചെയ്ത ശേഷം ഫോണ്‍ കൈമാറി. മൂന്ന് തവണ തുടര്‍ച്ചയായി ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവെല്ലാം നശിപ്പിച്ചെന്നാണ് തിരുവനന്തപുരം കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. അതായത് മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വിഭാഗിയതക്ക് ശ്രമിച്ചതിന് പുറമെ ഹാക്ക് ചെയ്തെന്ന വ്യാജപരാതി നല്‍കി, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ കൂടി ചെയ്തെന്ന് വ്യക്തം.
എന്നാല്‍ ചീഫ് സെക്രട്ടറി നല്‍കിയ കുറ്റാരോപണ മെമ്മോയില്‍ മതാടിസ്ഥാനത്തിലെ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചുള്ള വിഭാഗീയതക്കപ്പുറം മറ്റ് കുറ്റങ്ങളൊന്നും പറയുന്നില്ല. ഇത് ഗോപാലകൃഷ്ണനെ രക്ഷിക്കാനാണെന്ന ആക്ഷേപമാണ് ഐ.എ.എസുകാര്‍ക്കിടയില്‍ തന്നെ ശക്തമാകുന്നത്. അതിനിടെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് സസ്പെന്‍ഷനിലായ പ്രശാന്തിനെതിരെ നിലപാട് കടുപ്പിക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെന്‍ഷന് ശേഷവും മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍വീസ് ചട്ടലംഘനം തുടരുന്നതായാണ് കുറ്റപ്പെടുത്തല്‍. ഇതിനെതിരെ പ്രശാന്ത് നിയമനടപടിക്ക് പോയാല്‍ ഐ.എ.എസ് തലപ്പത്തെ തര്‍ക്കം കൂടുതല്‍ രൂക്ഷമാവും.