തൃശൂർ ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം നടത്തി ദേശക്കാർ . ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ആനയില്ലാ പൂരം നടത്തിയത്. ഹൈക്കോടതിയുടെ പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം ആറാട്ടുപുഴ പൂരവും നടത്താൻ കഴിയില്ല.
ലോകത്തിലെ ഏറ്റവും വലിയ ദേവസംഗമം അരങ്ങേറുന്ന മണ്ണാണ് ആറാട്ടുപുഴയിലേത്. 24 ദേശക്കാരുടെ പങ്കാളിത്തമുള്ള പൂരം. 1442 വർഷമായി മുടങ്ങാതെ നടക്കുന്ന പൂരം. ആറാട്ടുപുഴ ശാസ്താവിന്റെ സന്നിധിയിൽ നടക്കുന്ന ദേവസംഗമം തലമുറകളായി പ്രൗഡിയോടെ നടക്കുന്ന ആഘോഷം. 60 ആനകൾ വരെ എഴുന്നള്ളിപ്പുകളിൽ അണിനിരക്കാറുണ്ട്. പുതിയ നിയമങ്ങൾ അനുസരിച്ച് ആനകളെ പഴയ പോലെ എഴുന്നള്ളിക്കാൻ കഴിയില്ല. ആചാരങ്ങളുടെ പ്രൗഢി സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളെ ഉണർത്താൻ കൂടിയായിരുന്നു ഈ പ്രതീകാത്മക പൂരം. പതിനഞ്ച് നെറ്റിപ്പട്ടങ്ങൾ . ഇതിന് പുറമെ ആലവട്ടവും വെൺചാമരവും. ആനയില്ലാതെ ആന ചമയങ്ങൾ മാത്രം പൂര പറമ്പിൽ കണ്ട ദേശക്കാരുടെ മനസ് ഒന്നടങ്കം പറഞ്ഞു. പൂരം പ്രൗഢിയോടെ ഇക്കുറിയും വേണം.
മേളപ്രമാണി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ നൂറോളം വാദ്യകലാകാരന്മാർ പഞ്ചാരിമേളം കൊട്ടി. ഒന്നര മണിക്കൂർ നീണ്ട മേളത്തിന് ശേഷമാണ് പൂരപറമ്പിൽ ആളൊഴിഞ്ഞത്. ഇന്ന് വൈകിട്ട് തൃശൂർ കൗസ്തുഭം ഹാളിൽ ജില്ലയിലെ ഉത്സവ സംഘാടകർ പങ്കെടുക്കുന്ന കൺവൻഷൻ നടക്കും.