ഹൈക്കോതിയുടെ ആന എഴുന്നള്ളിപ്പ് മാർഗരേഖയ്ക്ക് എതിരെ തൃശൂർ ചാത്തക്കുടത്ത് പ്രതീകാത്മക പൂരം നടത്തി. വരാനിരിക്കുന്ന പെരുവനം ആറാട്ടുപുഴ പൂരങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയായിരുന്നു പ്രതീകാത്മക പ്രതിഷേധം. ചിത്രം വരച്ചും ബോധവൽക്കരണ ജാഥ നടത്തിയുമാണ് പ്രതിഷേധിച്ചത്.
25 മീറ്റർ നീളമുള്ള കാൻവാസിൽ ആനകളെ വരച്ചായിരുന്നു പ്രതിഷേധം. പൂരങ്ങളിൽ ആനകൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ഓരോ വരയും. തൽസമയ ചിത്രരചനകൾക്കൊപ്പം പൂരം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായി. ഓരോ ചിത്രവും പൂരത്തിലെ ആനകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു. ഹൈകോടതിയുടെ നിർദേശമനുസരിച്ച് ചടങ്ങുകൾ പോലും നടത്താനാവില്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ അഭിപ്രായം. പീടികപറമ്പ് മഹാദേവ ക്ഷേത്രത്തിൽ നിന്നും ചാത്തക്കുടം ധർമശാസ്താ ക്ഷേത്രം വരെയായിരുന്നു പ്രതിഷേധ യാത്ര. യാത്രയിൽ ക്ഷേത്ര ഭാരവാഹികളും നൂറോളം പൂര പ്രേമികളും പങ്കെടുത്തു.