നേതൃത്വം മലപ്പുറത്ത് വിളിച്ച സമസ്ത സമവായ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് ലീഗ് വിരുദ്ധപക്ഷം. സമസ്തക്കുളളില്‍ ഭിന്നതയുണ്ടെന്നും വീണ്ടും യോഗം വിളിച്ച് പരിഹാരമുണ്ടാക്കുമെന്നും അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും യോഗത്തിനു ശേഷം പറഞ്ഞു.
ലീഗിനെ പിന്തുണക്കുന്നവരും ലീഗ് വിരുദ്ധരും തമ്മിലുളള ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കുകയായിരുന്നു യോഗത്തിന്‍റെ ലക്ഷ്യം. ലീഗിനെ അനുകൂലിക്കുന്നവരെല്ലാം യോഗത്തിനെത്തി. എന്നാല്‍ ലീഗ് വിരുദ്ധ ചേരിയില്‍ നിന്ന് ക്ഷണിച്ചവരെല്ലാം വിട്ടു നിന്നു. ഒരു വിഭാഗത്തിന്‍റെ പരാതി കേട്ടെന്നും അടുത്ത ദിവസം മറുപക്ഷത്തിന്‍റെ കൂടി പരാതി മനസിലാക്കിയ ശേഷം പ്രശ്നപരിഹാരമുണ്ടാക്കുമെന്നുമാണ് നേതൃത്വം വിശദീകരിച്ചത്.
വിഷയത്തില്‍ കടുത്ത നിലപാടുളള മുസ്‌ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ലീഗിനെ അനുകൂലിക്കുന്ന ചേരിയും ലീഗ് വിരുദ്ധര്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിലുളള അസംതൃപ്തിയുണ്ടെങ്കിലും അടുത്ത യോഗത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രത്യാശ പങ്കുവച്ചു. ജിഫ്രി തങ്ങളും പാണക്കാട് സാദിഖലി തങ്ങളും മുന്‍കയ്യെടുത്ത് വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ പോലും ഒരു വിഭാഗം തയ്യാറാകാത്തത് സംഘടനക്കുളളില്‍ ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് സമസ്തയിലെ ലീഗിനെ അനുകൂലിക്കുന്നവര്‍.