മകന്‍ ഡോക്ടറായി തങ്ങള്‍ക്കു മുന്നിലെത്തുന്ന ദിവസത്തിനായി കാത്തിരുന്ന അപ്പനും അമ്മയ്ക്കും മുന്നിലേക്ക് ജീവനറ്റ ദേഹമായി ആല്‍വിന്‍ എത്തി. എന്ത് പറഞ്ഞ്, എങ്ങനെ ഈ മാതാപിതാക്കളെ സമാധാനിപ്പിക്കും എന്നറിയാതെ വിങ്ങി നില്‍ക്കുന്ന ബന്ധുക്കളും നാട്ടുകാരും. ആല്‍വിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനസാഗരമാണ് എടത്വയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

ALSO READ; കളര്‍കോട് വാഹനാപകടത്തില്‍ ഒരു വിദ്യാർഥി കൂടി മരിച്ചു; മരണം ആറായി

മകന്‍ കഴുത്തിലിടാന്‍ കൊതിച്ച സ്റ്റെതസ്കോപ്പും അവന്‍റെ വെള്ളക്കോട്ടും പിടിച്ചുള്ള ആല്‍വിന്‍റെ അപ്പന്‍റെയും അമ്മയുടെയും നില്‍പ്പ് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ആല്‍വിന്‍ എന്ന് പേരെഴുതിയ ജഴ്സിയും ആ സ്റ്റെതസ്കോപ്പും ഒപ്പം വച്ചാണ് അവനെ പ്രിയപ്പെട്ടവര്‍ യാത്രയാക്കിയത്. ഏകസഹോദരൻ കെവിനും ആല്‍വിന്‍റെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ്.

കളർകോട് വാഹനാപകടത്തിൽ മരിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് എടത്വ പള്ളിച്ചിറ ആൽവിൻ ജോർജ്. വീടിനും നാടിനും ഒരുപോലെ പ്രിയപ്പെട്ടവന്‍. അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ അവന്‍റെ ഓര്‍മകള്‍ എങ്ങും തളംകെട്ടി നിന്നു. സംസ്കാരം. ആൽവിൻ അംഗമായ നാട്ടിലെ ഫുട്ബാൾ ടീമിലെ അംഗങ്ങൾ ജഴ്സി ധരിച്ചാണ് സഹതാരത്തെ യാത്രയാക്കാനാനെത്തിയത്. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിലായിരുന്നു സംസ്കാരം.

ALSO READ; കളര്‍കോട് അപകടത്തില്‍ പോറലേല്‍ക്കാതെ രക്ഷ; കണ്‍മുന്നില്‍ ജീവനറ്റ് ഉറ്റ ചങ്ങാതിമാര്‍; നെഞ്ചുതകര്‍ന്ന് ഷെയ്ന്‍

കളർകോട്ട് വച്ച് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ ആൽവിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബര്‍ അഞ്ചിനാണു മരിച്ചത്. മെഡിക്കൽ കോളജിലെ പൊതുദർശനത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച ഉച്ചയോടെ തലവടി മാണത്താറ കറുകപ്പറമ്പ് വീട്ടിലെത്തിച്ചു.

രാവിലെ ഒന്‍പതോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചെങ്കിലും ആൽവിനെ അവസാനമായി കാണാനെത്തിയവരുടെ നിര നീണ്ടു. ആൽവിൻ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിലാപയാത്രയിലും ആയിരങ്ങളാണ് പങ്കെടുത്തത്.

ENGLISH SUMMARY:

Alwin George, a first-year MBBS student, lost his life in a tragic road accident in Alappuzha Kalarkode. His funeral held at Edathua.