ഗുരുവായൂർ ഏകാദശി ദിവസമായ ഇന്ന്  ഉദയാസ്തമന പൂജ മാറ്റിയതില്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ആചാരങ്ങൾ അതേപടി തുടരണമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ആചാരമല്ല വഴിപാടാണ് പൂജയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഏകാദശി ദിവസം അമ്പാടിക്കണ്ണനെ തൊഴാന്‍ വന്‍ ഭക്തജനപ്രവാഹമായിരുന്നു. 

ഗുരുവായൂര്‍ ഏകാദശി ദിവസമായ ഇന്നു തിരക്കു നിയന്ത്രിക്കാന്‍ ഉദയാസ്തമന പൂജ വേണ്ടെന്നു വച്ചിരുന്നു. തന്ത്രി കുടുംബം ഇതില്‍ വിയോജിപ്പ് പറഞ്ഞ് സുപ്രീംകോടതിയെ സമീപിച്ചു. പൂജ ഒഴിവാക്കിയതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. ഉദയാസ്തമന പൂജ വഴിപാടാണ് ആചാരമല്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. തന്ത്രിയും ഭരണസമിതിയും ചേര്‍ന്ന് ഏങ്ങനെ പൂജ മാറ്റാന്‍ തീരുമാനിക്കുമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ജെ.കെ.മഹേശ്വരിയാണ് വാദം കേട്ടത്. ദേവസ്വം അഭിഭാഷകനും ജഡ്ജിയും തമ്മില്‍ ഇതേചൊല്ലി തര്‍ക്കമുണ്ടായി. ഇന്നത്തെ തിരക്ക് പ്രമാണിത്ത് ഭക്തർക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് നടക്കേണ്ടിയിരുന്ന പൂജ തുലാം മാസത്തിലേക്ക് മാറ്റിയത്. ഇന്നു പുലര്‍ച്ചെ തൊട്ടേ ക്ഷേത്രത്തിലേയ്ക്കു ഭക്തരുടെ ഒഴുക്കായിരുന്നു. ‌ഇന്ന് പുലർച്ചെ മൂന്നിനാണ് നടതുറന്നത്. നാളെ രാവിലെ 9 വരെ ക്ഷേത്ര നട അടയ്ക്കില്ല . ഇന്ന് രാത്രിയിലും പൂർണ സമയം ദർശനം നടത്താം. 

പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഒരാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിയും ഉണ്ടായിരുന്നു. ഇന്നു രാത്രി 11നാണ് പഞ്ചവാദ്യത്തോടെ വിളക്ക് എഴുന്നള്ളിപ്പ്.  അരലക്ഷം ഭക്തർക്ക് പ്രസാദഊട്ട് നല്‍കി. 15 ദിവസമായി തുടരുന്ന ചെമ്പൈ സംഗീതോത്സവം ഇന്ന് രാത്രി സമാപിക്കും.

ENGLISH SUMMARY:

The Supreme Court has sharply criticized the Guruvayur Devaswom Board for altering the Udayasthamana Pooja on the occasion of Guruvayur Ekadashi today. The court observed that the rituals should have been continued in their traditional form.