റഷ്യയിൽ അകപ്പെട്ട തൃശൂരിലെ മലയാളി യുവാകൾക്ക് യുദ്ധ മുഖത്തേക്ക് പോകാൻ സമ്മർദം. തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചതായി ബിനിലും ജെയിനും. സംഘത്തിലുള്ള നാലുപേർ ഇന്നലെ യുദ്ധമുഖത്തേയ്ക്ക് പോയി. അടുത്തത് ഞങ്ങൾ ആണെന്ന് ബിനിലും ജെയിനും വീട്ടുകാരോട് പറഞ്ഞു. ഏറ്റവും പുതിയതായി അയച്ച ഓഡിയോ സന്ദേശം മനോരമ ന്യൂസിന്
ഈ സന്ദേശമാണ് അവസാനമായി കുടുംബത്തെ തേടിയെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഈ സന്ദേശമെത്തിയത്. ക്യാംപിലുള്ള എട്ടുപേരിൽ നാലുപേർ യുദ്ധ മുഖത്ത് എത്തി. ജെയിനും , ബിനിലും ഉൾപ്പെടുന്ന ബാക്കി നാല് പേരോടും ഏതു നിമിഷം വേണമെങ്കിലും യുദ്ധമുഖത്തേക്ക് പോകാൻ തയ്യാറായിരിക്കാൻ നിർദ്ദേശം ലഭിച്ചു.
നിലവിൽ ഇരുവരും ഉള്ളത് റഷ്യൻ അധിനിവേശ ഉക്രൈനിലാണ്. ഇത് കുടുംബത്തെ കൂടുതൽ ആശങ്കയിലാക്കുന്നു. യുവാക്കളെ റിലീസ് ചെയ്യുന്നതിനായി ഇന്ത്യൻ എംബസി വഴി നൽകിയ ഉത്തരവ് രണ്ട് തവണ കമാൻഡർ മടക്കി അയച്ചു.
ഏപ്രിൽ നാലിനാണ് ഇരുവരും റഷ്യയിലേക്ക് പോയത്. റഷ്യയിലെ ഏജൻറ് കബളിപ്പിച്ചാണ് ഇരുവരെയും സൈന്യത്തിൽ ചേർത്തത്. ഇവർക്കൊപ്പം റഷ്യയിൽ ഉണ്ടായിരുന്ന ആളാണ് ഉക്രൈൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കല്ലൂർ സ്വദേശി സന്ദീപ്. സംഘത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നു മലയാളികൾ നേരത്തെ തിരിച്ചെത്തിയിരുന്നു.