പൂട്ടുവീഴുന്നതെപ്പോഴെന്ന് കാത്ത് കഴിയുന്ന ട്രാവന്‍കൂര്‍ സിമന്റ്സിലെ ജീവനക്കാരുടെ അവസ്ഥ ദയനീയമാണ്. മാസങ്ങളായി ശമ്പളം കിട്ടാത്ത ജീവനക്കാരും, പെന്‍ഷന്‍ കിട്ടാതെ വിരമിച്ചവരും കമ്പനിയുടെ കാക്കനാട്ടെ സ്ഥലം വില്‍പ്പനയെയാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മൂന്നുപതിറ്റാണ്ടിലധികം സ്ഥാപനത്തിന് വേണ്ടി ചോര നീരാക്കിയവര്‍ ശമ്പളത്തിന് വേണ്ടി സര്‍ക്കാരിന്റെ സഹായം തേടുകയാണ്.
ട്രാവന്‍കൂര്‍ സിമന്റ്സിന്റെ 29 കൊല്ലത്തെ പ്രതാപം ജീവനക്കാരനായ ബൈജുവിന്റെ മനസില്‍ ഇന്നലെയെന്ന പോലെയുണ്ട്..ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിച്ച ജോലി കൊണ്ട് ഇന്ന് പ്രയോജനമില്ലാത്തതിന്റെ ദുഖം ആ മനസിലും വാക്കുകളിലുമുണ്ട് ജീവനക്കാര്‍ക്ക് കമ്പനി പ്രൊവിഡന്റ് ഫണ്ട് നല്‍കാനുള്ളത് 3 കോടി 72 ലക്ഷം ,വിരമിച്ച ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റി 3 കോടി 55 ലക്ഷം. 36 ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കാക്കാനാട്ടെ സ്ഥല വിൽപന നടത്തി ആ പണം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകാമെന്നാണു കമ്പനി അറിയിച്ചത്. എന്നാൽ വിൽപന നീളുന്നതോടെ ഇതിൽ പ്രതിസന്ധിയുണ്ടാകും. ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ കമ്പനിയുടെ സ്വത്തുക്കൾ ജപ്തി ചെയ്യാന്‍ വരുന്ന ഒരാഴ്ചയ്ക്കകം കോടതി നിര്‍ദേശിക്കും. സ്ഥല വില്‍പ്പനയും കോടതി കയറിയതോടെ ട്രാവന്‍കൂര്‍ സിമന്റ്സിലെ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ നീളുകയാണ്.