സംസ്ഥാനത്തെ കള്ളടാക്സി സര്‍വീസുകള്‍ക്ക് ഒത്താശചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും. പറവൂരില്‍ നാളുകളായി കള്ളടാക്സി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ പട്ടിക സഹിതം കൈമാറിയിട്ടും ചെറുവിരലനക്കാതെ ഉദ്യോഗസ്ഥര്‍. ടാക്സി ഡ്രൈവര്‍മാരുടെ സമ്മര്‍ദം ശക്തമാകുമ്പോള്‍ നാമമാത്രമായ പിഴയൊടുക്കിയുമാണ് ഉദ്യോഗസ്ഥരുടെ കരുതല്‍. മനോരമന്യൂസ് അന്വേഷണം തുടരുന്നു കളംനിറഞ്ഞ് കള്ളടാക്സി.
വടക്കന്‍ പറവൂര്‍ മേഖലയില്‍ ടാക്സി ഡ്രൈവര്‍മാരുടെ കഞ്ഞികുടി മുട്ടിച്ച് സര്‍വീസ് നടത്തുന്ന കള്ളടാക്സികള്‍ ഒന്നും രണ്ടുമല്ല. 23 വാഹനങ്ങളുടെ പട്ടിക തെളിവ് സഹിതം പറവൂര്‍ ജോയിന്‍റ് ആര്‍ടിഒയ്ക്കും ഗതാഗത വകുപ്പ് മന്ത്രിക്കും നവംബര്‍ 16ന് കൈമാറി. പരാതിയില്‍ ഉദ്യോഗസ്ഥര്‍ അടയിരുന്നതോടെ കള്ളടാക്സികള്‍ക്ക് ചാകരക്കാലമായി. നാടെങ്ങും എഐ ക്യാമറകള്‍ സ്ഥാപിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സൂക്ഷ്മദര്‍ശനികളായ ഉദ്യോഗസ്ഥര്‍ക്കും കള്ളടാക്സികളെ കണ്ടഭാവമില്ല.
കഷ്ടകാലത്തിനെങ്ങാനും കള്ളടാക്സികള്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍പെട്ടാല്‍ കയ്യഴിഞ്ഞ് സഹായവും ലഭിക്കുന്നുണ്ട്. പേരിന് പിഴ ചുമത്തി ഇത്തരം വാഹനങ്ങള്‍ വിട്ടുനല്‍കുന്നതും കള്ളടാക്സികള്‍ക്ക് ഊര്‍ജമാകുകയാണ്.