രക്ഷാപ്രവർത്തനത്തിന് ചെലവായ തുക നൽകണമെന്ന വ്യോമസേനയുടെ കത്ത് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കാൻ സംസ്ഥാന സർക്കാർ. പാർലമെന്‍റിലും പുറത്തും പ്രതിഷേധം കടുപ്പിക്കും. വ്യോമസേനയുടെ കത്തിനെ കുറിച്ച് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വയനാടിന് സഹായം നൽകാത്ത കേന്ദ്ര സർക്കാരിനെ ആക്രമിക്കാൻ സംസ്ഥാന സർക്കാരിന് കിട്ടിയ മൂർച്ചയുള്ള ആയുധമാണ് 132 കോടി ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യോമസേനയുടെ കത്ത്. 2006 മുതൽ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് ചെലവായ 132.61 കോടി സംസ്ഥാനം നൽകണം എന്നാണ് ആവശ്യം . ദുരന്തനിവാരണത്തിന് പണം നൽകാതെ ചെയ്ത സഹായത്തിന് പണം ആവശ്യപ്പെടുന്നത് കോടതിയെ അറിയിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
കേന്ദ്രത്തിന്‍റെ കത്ത് സംസ്ഥാനത്തെ അപമാനിക്കുകയാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. ഒക്ടോബർ 22 ന് കേന്ദ്രം അയച്ച കത്തിനെ കുറിച്ച് ഒന്നര മാസം സംസ്ഥാന സർക്കാർ ഒന്നും പ്രതികരിച്ചില്ല. വയനാടിനുള്ള കേന്ദ്രസഹായം അനന്തമായി വൈകുന്നതോടെയാണ് കത്തെടുത്ത് ഉപയോഗിക്കാനുള്ള തീരുമാനം. വ്യോമസേന പണം ആവശ്യപ്പെട്ടത് നില നിൽക്കുന്ന നിയമപ്രകാരമാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. സംസ്ഥാനം പണം നൽകിയില്ലെങ്കിൽ CAG കേരളത്തിനെതിരെ നടപടി ശുപാർശ ചെയ്യുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.