മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരായ ആരോപണം മയപ്പെടുത്തി സി പി.എം. മെക് സെവന്‍ സദുദ്ദേശത്തോടെ സംഘടിപ്പിച്ച കൂട്ടായ്മയാണന്നും ചുരുക്കം ചിലയിടങ്ങളില്‍ ജമാ അത്തെ ഇസ്ലാമിയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ആളുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നും മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ജില്ലാ സെക്രട്ടറി പി.മോഹനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മെക് സെവനെതിരായ ആക്ഷേപത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും മുന്നണിക്കുള്ളില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് മയപ്പെടുത്തല്‍
ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പ്രഭാത വ്യായാമത്തിനായി ഒരു കൂട്ടായ്മ എന്നത് പരസ്പര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്നത് തീര്‍ച്ചയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനത്തിന് മെക് 7 എന്ന മള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍ പദ്ധതി പ്രയോജകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ് മെക് 7 നെ ആശംസകള്‍ നേര്‍ന്നു കൊണ്ട് അയച്ച കത്താണിത്. അവിടെയും തീര്‍ന്നില്ല. മെക് 7 ന്റ കോഴിക്കോട് ബീച്ചിലെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് ഐ.എന്‍ എല്‍ നേതാവും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍.
ഒപ്പം വ്യായാമം ചെയ്യ്താണ് ദേവര്‍ കോവില്‍ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മെക് 7 ന്റ ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്തത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്.. മെക് 7 ന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന സി പി എം ആക്ഷേപത്തെ പ്രതിരോധിക്കാന്‍ സംഘാടകര്‍ക്ക് ഈ ചിത്രങ്ങളും ദൃശ്യങ്ങളും ധാരാളം മതിയായിരുന്നു.
മെക് 7 നൊപ്പം സഹകരിക്കുന്ന അഹമ്മദ് ദേവര്‍ കോവിലിനടക്കം സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഈ പ്രസ്താവനയോട് കടുത്ത എതിര്‍പ്പുണ്ട്. ഈ ഈ സാഹചര്യത്തില്‍ കൂടിയാണ് പി മോഹനന്‍ നിലപാട് മയപ്പെടുത്തിയത്. സദുദ്ദേശത്തോടെയാണ് മെക് 7 ന്റ പ്രവര്‍ത്തനമെന്ന് പറഞ്ഞ പി മോഹനന്‍ ചുരുക്കം ചിലയിടങ്ങളില്‍ ചില മതരാഷ്ട്ര വാദികള്‍ ഇതിനൊപ്പം കൂടിയുണ്ടെന്നും അതില്‍ ജാഗ്രത വേണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇക്കാര്യം വിശദീകരിക്കാന്‍ ജില്ലാ സെക്രട്ടറി തയാറായില്ല .