കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നടന്ന സൈക്ലിങ് മല്‍സരത്തിനിടെ മലയാളി താരത്തെ ഇടിച്ചിട്ട കാര്‍ മൂന്നു മാസമായിട്ടും കണ്ടെത്താനായില്ല. കാലിനു ഗുരുതരമായി പരുക്കേറ്റു ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അങ്കമാലി മൂക്കന്നൂര്‍ സ്വദേശി റോണി ജോസിന് കാര്‍ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് പോലും ലഭിച്ചില്ല.
ഒക്ടോബര്‍ 17നു ബെംഗളുരൂ– ഹുബ്ബള്ളി ദേശീയ പാതയില്‍ ചിത്രദുര്‍ഗ ഗോനൂരു മേല്‍പാലത്തില്‍ വച്ചാണു റോണി അപകടത്തില്‍പെട്ടത്. ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച ദീര്‍ഘദൂര മല്‍സരത്തിനിടെ ദിശതെറ്റിയെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.. അപകടത്തില്‍ വലതുകലിന്‍റെ പേശികള്‍ അടര്‍ന്നുപോയി. മൂന്നു ശസ്ത്രക്രിയകള്‍ നടത്തിയിട്ടും പരസഹായം ഇല്ലാതെ നടക്കാനാവില്ല. അപകടം നടന്ന ഉടനെ പൊലീസിനെ അറിയിച്ചെങ്കിലും കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീപ ടോള്‍ ബൂത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സംശയമുള്ള കാറിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും പിന്നീട് തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം
കാര്‍ കണ്ടെത്താതെ ഇന്‍ഷുറന്‍സ് കിട്ടില്ല. ഐ.ടി കമ്പനി ജീവനക്കാരനായ റോണിക്ക് ചികിത്സയ്ക്കായി ഇതിനകം പത്തുലക്ഷം രൂപയിലധികം ചെലവായി. കേസ് അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവരെ കാണാനൊരുങ്ങുകയാണ് റോണയും കുടുംബവും.