ക്രിസ്മസ് - പുതുവത്സര ബംപർ ലോട്ടറി ഇറക്കാനാകാതെ ലോട്ടറി ഡയറക്ടറേറ്റ്. ലോട്ടറിയുടെ ആകെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കമാണ് തിരിച്ചടിച്ചത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് സമ്മാനത്തുക പുനസ്ഥാപിച്ചെങ്കിലും അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകൾ ഉപേക്ഷിക്കേണ്ടിവന്നതാണ് പ്രതിസന്ധിയായത്.
എല്ലാ വർഷവും പൂജാ ബംപർ നറുക്കെടുപ്പിന് പിന്നാലെ ഭാഗ്യാന്വേഷികൾ കാത്തിരിക്കും ക്രിസ്മസ് ബംപറിനായി. ഈ വർഷം പക്ഷേ ഭാഗ്യം താമസിച്ചേ എത്തു.
5000 /2000/1000 രൂപ സമ്മാനങ്ങളുടെ എണ്ണം വെട്ടി കുറച്ച് ഈ മാസം നാലിന് സർക്കാർ ഇറക്കിയ വിജ്ഞാപനമാണ് പ്രശ്നങ്ങൾക്ക് വഴി വച്ചത്. ഏജന്‍റുമാർക്കുള്ള കമ്മിഷനും 93. 16 ലക്ഷം രൂപ വെട്ടിച്ചുരുക്കി. പുതിയ രീതിയിൽ 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാൻ ഓർഡർ നല്കി.
വ്യാപക പ്രതിഷേധത്തേത്തുടർന്ന് തീരുമാനം പിൻവലിച്ചു. പക്ഷേ ടിക്കറ്റിൻറെ പിന്നിൽ സമ്മാന ഘടനയുടെ വിശദാംശങ്ങളുള്ളതിനാൽ നിലവിൽ അച്ചടിച്ച ടിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നു. പുതിയ ടിക്കറ്റ് അച്ചടിച്ച് വിപണിയിലിറക്കാനുള്ള താമസമാണ് ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിനു കാരണം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് പ്രധാന വരുമാനസ്രോതസ്സുകൾ ഒന്നായ ബംപർ ടിക്കറ്റിന്റെ വിതരണം സർക്കാർ തന്നെ അവതാളത്തിലാക്കിയത് .