തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടിയ സമ്മാനത്തുകയുള്ള ലോട്ടറിയാണ് ക്രിസ്മസ്–പുതുവല്‍സര ബംപര്‍. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. പൂജ ബംപര്‍ നറുക്കെടുപ്പിന് പിന്നാലെയായിരുന്നു ടിക്കറ്റുകള്‍ വിപണിയില്‍ എത്തേണ്ടത്. പക്ഷെ വില്‍പന തുടങ്ങിയില്ലെന്ന് മാത്രമല്ല ടിക്കറ്റുകളുടെ അച്ചടി തന്നെ മുടങ്ങിയിരിക്കുകയാണ്..! ടിക്കറ്റിന്‍റെ സമ്മാന ഘടനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. 5000, 2000, 1000 തുകയുടെ സമ്മാനങ്ങളുടെ എണ്ണം ഇത്തവണ കുറച്ചിരിക്കുകയാണ്. ഇതിനെതിരെ ലോട്ടറി ഏജന്‍റുമാര്‍ രംഗത്തുവന്നു.
പൂജ ബംപര്‍ നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും പ്രശ്ന പരിഹാരം സാധ്യമായിട്ടില്ല. തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. മുന്‍വര്‍ഷത്തെ സമ്മാനഘടന തുടരാന്‍ തീരുമാനിച്ചാല്‍ അതനുസരിച്ച് പുതിയ ഉത്തരവിറക്കുമെന്നും ഇല്ലെങ്കില്‍ പ്രിന്‍റിങ് പുനരാരംഭിച്ച് എത്രയും പെട്ടെന്ന് വിപണിയില്‍ ടിക്കറ്റുകള്‍ എത്തിക്കുമെന്നും ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം 5000 രൂപയുടെ സമ്മാനം നല്‍കിയത് 27000 പേര്‍ക്കായിരുന്നു. ഇത്തവണ അത് 16,200 ആക്കി ചുരുക്കി. 2000 രൂപയുടെ സമ്മാനം 48,600ല്‍ നിന്ന് 32,400 ആക്കി കുറച്ചു. ആയിരം രൂപയുടെ സമ്മാനം 97,200ല്‍ നിന്ന് 64,800 ആക്കിയും കുറച്ചു. ഇതിലൂടെ 12 കോടിയോളം രൂപയാണ് ലോട്ടറി വകുപ്പിന് അധിക വരുമാനം ഉണ്ടാവുക. അതേസമയം 500, 400 സമ്മാനങ്ങളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവഴിയുണ്ടാകുന്ന വരുമാന നഷ്ടം പരിഗണിച്ചാലും പുതിയ സമ്മാന ഘടനയിലൂടെ സര്‍ക്കാരിന് എട്ടരക്കോടിയോളം രൂപയുടെ അധിക വരുമാനമുണ്ടാകും.
സമ്മാനങ്ങളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുമ്പോള്‍ ഏജന്‍റുമാരുടെ കമ്മീഷനെയാണ് ബാധിക്കുക. ഇതാണ് അവരുടെ പ്രതിഷേധത്തിന്‍റെ കാരണം. ഏജന്‍റുമാര്‍ നിസ്സഹകരണം പ്രഖ്യാപിച്ചാല്‍ വില്‍പനയെ സാരമായി ബാധിക്കും. ഇതാണ് ഏജന്‍റുമാരെ അനുനയിപ്പിച്ച ശേഷം ടിക്കറ്റുകള്‍ വിപണിയില്‍ എത്തിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.