വിവാഹമംഗളകർമത്തിന്റെ സന്തോഷം വിട്ടുമാറുംമുൻപേയാണ് ഒരു കിലോമീറ്റർ അകലത്തിലുള്ള രണ്ടു വീടുകൾ ദുഖത്തിലായത്. നവദമ്പതികളായ മല്ലശ്ശേരി സ്വദേശികളായ നിഖിലിന്റെയും അനുവിന്റെയും അവരുടെ പിതാക്കന്മാരുടെയും വേർപാട് നാടിന് ദുഃഖമായി. നാളെ അനുവിന്റെ പിറന്നാൾ ആഘോഷത്തിനും എല്ലാവരും ഒത്തുചേരാനിരിക്കെയാണ് മരണം കൊണ്ടുപോയത്.
പുലർച്ചെ മുറിഞ്ഞകല്ലിലെ അപകടം നാടിനെ തളർത്തി. മല്ലശ്ശേരി മുക്കിൽ പുത്തൻതുണ്ടിയിൽ വീട്ടിൽ നിഖിലും , പുത്തൻവിള കിഴക്കേതിൽ അനുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം മുപ്പതിനായിരുന്നു. ഏറെക്കാലമായുള്ള പ്രണയം സഫലമായി ഒന്നിച്ചുള്ള ജീവിതത്തിലേക്ക് കൈ പിടിച്ചപ്പോൾ മരണം .
രണ്ടു വീട്ടുകാരും ബന്ധുക്കളും ചേർന്ന് നാളെ അനുവിന്റെ ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം. സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിലെ അംഗങ്ങളാണ് രണ്ടു കുടുംബങ്ങളും. ബിജു കഴിഞ്ഞദിവസം പള്ളിയിലെ ക്രിസ്മസ് കാരൾ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. മലേഷ്യയിൽ നിന്ന് വരുന്ന മക്കളെ വിളിക്കാൻ വിമാനത്താവളത്തിൽ പോകുമെന്നും ബിജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അങ്ങനെ നിഖിലിന്റെ പിതാവ് മത്തായി ഈപ്പനെയും കൂട്ടിയാണ് മക്കളെ വിളിക്കാൻ ബിജു കാറോടിച്ചു പോയത്.
നിഖിലിനൊപ്പം എംഎസ്ഡബ്ലിയു പഠിച്ച അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. കുടുംബജീവിതത്തിന്റെ സന്തോഷം ആസ്വദിക്കും മുൻപേ ആണ് അനുവിന്റെയും നിഖിലിന്റെയും വേർപാട്. രണ്ടു വീടുകൾ ഒന്നിച്ചു ചേർന്നതിന്‍റെ മധുരം നുണയും മുൻപേ ആണ് നാലുപേരുടെ മരണം.