ഉള്ളുപിടയുന്ന വാര്‍ത്ത കേട്ടാണ് ഏതാനും ദിവസങ്ങളായി മലയാളികളുടെ ജീവിതം ആരംഭിക്കുന്നത്. അതിരാവിലെ തന്നെ അപകടവാര്‍ത്തകളുടെ കുത്തൊഴുക്കാണ്. ഇന്നും പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ അപകടത്തില്‍പ്പെട്ടു മരിച്ച വാര്‍ത്ത കേട്ടാണ് കേരളം ഉറക്കമുണര്‍ന്നത്. മധുവിധു ആഘോഷിക്കാന്‍ മലേഷ്യയ്ക്കു പോയ മകളെയും ഭര്‍ത്താവിനെയും കൂട്ടാനായി ഭര്‍ത്താവിന്റെ അച്ഛനെയും കൂട്ടിയാണ് മല്ലശ്ശേരി ബിജു തിരുവനന്തപുരത്തേക്ക് പോയത്.
തിരിച്ചുവരും വഴി വീടെത്താന്‍ ഏഴ് കിമീ മാത്രം ബാക്കിനില്‍ക്കെയാണ് ഒരുനിമിഷം ബിജുവിന്റെ കണ്ണൊന്നടഞ്ഞ് വലിയ ദുരന്തമായി മാറിയത്. കാര്‍ എതിരേ വന്ന ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബിജുവിന്റെ മകള്‍ അനുവൊഴികെ മൂന്നുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.
അതേസമയം അമിതവേഗത്തിലായിരുന്നു കാര്‍ എന്ന് അപകടം കഴിഞ്ഞതിനു പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ട് ശരിവക്കുന്ന തരത്തിലാണ് അയല്‍ക്കാരന്്റെയും വാക്കുകള്‍. കാര്‍ അതിവേഗത്തില്‍ ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണ് ബിജുവെന്ന് നാട്ടുകാരന്‍ പറയുന്നു. താനൊരു ഡ്രൈവറാണെന്നും തനിക്ക് 110കിമീ ഡ്രൈവ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ ആവശ്യമാണെന്നും എന്നാല്‍ ഇവര്‍ക്ക് വെറും രണ്ട് മണിക്കൂര്‍ ധാരാളമെന്നും പറയുകയാണ് ഇയാള്‍. ഇന്നലെ രാത്രി 10നാണ് മക്കളെ കൂട്ടാനായി ബിജു പോയതെന്നും തീര്‍ച്ചയായും അമിതവേഗത്തിലായിരിക്കും വണ്ടിയോടിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ബിജുവിന്റെ ഡ്രൈവിങ് കണ്ടീഷന്‍ അങ്ങനെയാണ്, പ്രത്യേകിച്ച് 4 മണി, നന്നായി വിട്ടുപോരാനുള്ള അവസരം ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു.
അനുവിന്റയും നിഖിലിന്റെയും വീടുകള്‍ തമ്മില്‍ ഒരു കിമീ ദൂരമേ ഉള്ളൂവെന്നും നേരത്തേ അറിയാവുന്ന കുടുംബങ്ങളാണെന്നും നാട്ടുകാര്‍ പറയുന്നു. മകളുടെയും നിഖിലിന്‍റെയും സൗഹൃദം പ്രണയത്തിലേക്കെത്തിയപ്പോള്‍ ബിജു തന്നെയാണ് മുന്‍കൈയെടുത്ത് വിവാഹം നടത്തിയത്. ഇരുവീട്ടുകാരും സഹകരിച്ച് നാട്ടുകാരെയെല്ലാം ക്ഷണിച്ച് നടത്തിയ വിവാഹമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.