കോതമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട പന വീണ് വിദ്യാർഥിനി കൊല്ലപ്പെട്ടതിൽ വനം വകുപ്പിന് വീഴ്ച്ച പറ്റിയെന്ന് പ്രദേശവാസികൾ. മേഖലയിൽ വൈദ്യുത വേലി സ്ഥാപിക്കുമെന്ന വാഗ്ദാനം വനംവകുപ്പ് പാലിച്ചില്ലെന്നും ആരോപിച്ച് നഗരമ്പാറ വനം വകുപ്പ് ഓഫിസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. അപകടത്തിൽ മരിച്ച വിദ്യാർത്ഥിനി സി വി ആൻമരിയയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
ഇന്നലെ വൈകിട്ടാണ് കോതമംഗലം- നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. കാട്ടാന പനമരം റോഡിലേക്ക് മറിച്ചിട്ട് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാർത്ഥിനി സി വി ആൻമേരി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മുല്ലശേരി സ്വദേശി അൽത്താഫ് അബൂബക്കർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മേഖലയിൽ വൈദ്യുത വേലി സ്ഥാപിക്കുമെന്ന വാഗ്ദാനം വനംവകുപ്പ് പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ജന്മ നാടായ തൃശൂർ പാഴായിയിലാണ് സംസ്കാരം.
കോളേജിലെ സഹപാഠികൾക്കായി പൊതു ദർശനം ആദ്യം ക്രമീകരിച്ചിരുന്നെങ്കിലും സാങ്കേതിക കരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. കോതമംഗലം എം.എ കോളേജിലെ വിദ്യാർത്ഥികളായ ഇരുവരും ഇടുക്കിയിൽ നിന്ന് മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.