വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ട് സമ്പന്നമായ ശബരിമലയിലെ പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നാണ് പറകൊട്ടിപ്പാട്ട്. തീർഥാടന കാലത്ത് നിരവധി ഭക്തരാണ് പറകൊട്ടിപ്പാട്ട് വഴിപാടിനായി മാളികപ്പുറത്ത് എത്തുന്നത്.
മാളികപ്പുറം ക്ഷേത്രത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പറകൊട്ടിപ്പാട്ട് നടക്കുന്നത്. ശനിദോഷമകറ്റാൻ തുകൽ വാദ്യത്തിന്റെ താളത്തിൽ കേശാദിപാദം കഥയാണ് പാടുന്നത്. ശത്രുദോഷവും ശനിദോഷവും അകറ്റാൻ പറകൊട്ടി പാടുന്നതിലൂടെ സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
പറകൊട്ടി പാടാനുള്ള അവകാശം പരമശിവൻ വേല സമുദായക്കാർക്ക് നൽകിയെന്നാണ് ഐതിഹ്യം. പതിനെട്ടാം പടിക്ക് താഴെയായിരുന്നു ആദ്യകാലങ്ങളിൽ പറകൊട്ടി പാടിയിരുന്നത്. തിരക്ക് വർധിച്ചതിനാൽ പിന്നീട് മാളികപ്പുറത്തിന് സമീപത്തെക്ക് മാറ്റുകയായിരുന്നു.