ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കണമെന്ന എഇഒയുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പ് അവഗണിച്ചു. ഓണപ്പരീക്ഷക്കാലത്താണ് എംഎസ് സൊല്യൂഷനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. സെപ്റ്റംബര്‍ 16ന് ആയിരുന്നു കോഴിക്കോട് കൊടുവള്ളി എഇഒ, ഡിഇഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് . 

അതേസമയം, ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെങ്ങിനെയെന്നു കണ്ടെത്തുക എളുപ്പമാവില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍. പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഏറെപ്പേര്‍ ഇടപെടുന്ന ഈ പ്രക്രിയ മുഴുവന്‍ പരിശോധിക്കുക എളുപ്പമല്ല. ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്നത് വികേന്ദ്രീകൃതമാകണം എന്ന ആവശ്യമാണ് ഉയരുന്നത്. അതിനിടെ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത നടപടി വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതും അവ ഒരു യുട്യൂബ് ചാനലിലൂടെ പുറത്തുവന്നുവെന്നതും വിദ്യാഭ്യാസ വകുപ്പിന് സൃഷ്ടിച്ചിരിക്കുന്നത് ചില്ലറ തലവേദനയല്ല.  പത്താം ക്ലാസ് ചോദ്യപ്പേപ്പര്‍ ഡയറ്റുകളാണ് തയാറാക്കുന്നത്. ഇത് എസ്.എസ്.കെ. അച്ചടിച്ചു നല്‍കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതോ, അച്ചടിക്കുന്നതോ സൂക്ഷിക്കുന്നതോ അതീവ സുരക്ഷയിലൊന്നുമല്ല. അധ്യാപകരും അനധ്യാപകരുമായി ഏറെപ്പേര്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ ചോദ്യപേപ്പര്‍ തയാറാക്കുന്നത്   എസ്‌സിഇആര്‍ടി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയിലാണ്. 

ഓരോ ഗ്രൂപ്പിലും എട്ട് വരെ അധ്യാപകരുണ്ടാവും എസ്‌സിഇആര്‍ടി  ഉദ്യോഗസ്ഥരും ഉണ്ടാകും. രണ്ട് സെറ്റ് ചോദ്യപേപ്പറില്‍ നിന്ന് ഒരെണ്ണം കേരളത്തിന് പുറത്തെ പ്രസ്സിലാണ് അച്ചടിക്കുന്നത്. അവര്‍ന്നെ 14 ജില്ലാ കേന്ദ്രങ്ങളിലും എത്തിക്കും. പൊതുപരീക്ഷയുടെ സുരക്ഷാ മാനദണ്ഡം ഒന്നും അതുപോലെ ഇവിടെയും പാലിക്കുക എളുപ്പമല്ല. വാട്ട്സ്  ആപ്പും ഇ മെയിലും എല്ലാം ഉപയോഗിച്ചുള്ള പ്രക്രിയയുമാണിത്. ചോദ്യപ്പേപ്പര്‍ മുഴുവാനായാവില്ല, പലപ്പോഴും ചില ചോദ്യങ്ങള്‍ മാത്രമാവും പുറത്തുവരിക.   പൊലീസിനും സൈബര്‍സെല്ലിനും അന്വേഷണം അത്ര എളുപ്പമാവില്ലെന്ന് വ്യക്തം.  

ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍  സ്കൂള്‍തലത്തില്‍ തയ്യാറാക്കി  ചുമതല പ്രധാന അധ്യാപകര്‍ക്കും അധ്യാപകരുടെ സമിതിക്കും കൈമാറാം. ടേം പരീക്ഷകളെങ്കിലും വികേന്ദ്രീകൃതമാക്കിക്കൂടെ എന്ന ചോദ്യമാണ് ഉയരുന്നത്. 

ENGLISH SUMMARY:

The Education Department ignored the AEO's report to investigate the question paper leak.