ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ എം.എസ്.സൊല്യൂഷൻ യുട്യൂബ് ചാനൽ പ്രവർത്തനം നിർത്തി. സത്യം തെളിയും വരെ ഇനി വീഡിയോകൾ പോസ്റ്റ് ചെയ്യില്ലെന്ന് സിഇഒ യുട്യൂബ് വീഡിയോയിലൂടെ അറിയിച്ചു. അതേസമയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവെന്ന് ആരോപിച്ച് എംഎസ് സൊല്യൂഷൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
എം എസ് സൊല്യൂഷന്റെ സി ഇ ഒ കൊടുവള്ളി സ്വദേശി ഷുഹൈബ് ആണ് പ്രവർത്തനം നിർത്തുന്ന കാര്യം യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കിയത്. അന്വേഷണവുമായി പൂർണമായും സഹകരിക്കും. വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് മുമ്പിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഷുഹൈബ് പറയുന്നു.
അന്വേഷണം എവിടെ വരെ പോകുമെന്ന് ഉറപ്പില്ല. ഓണപരീക്ഷ സമയത്ത് പരാതി ഉയർന്നപ്പോഴും പൊലീസിൽ മൊഴി നൽകിയതാണ് . വിദ്യാർഥികളും രക്ഷിതാക്കളും ക്ഷമിക്കണമെന്നും വീഡിയോയിൽ പറയുന്നുണ്ട്. വിവാദമുയർന്ന അന്ന് മുതൽ കൊടുവള്ളിയിലെ എം എസ് സൊല്യൂഷൻസ് ട്യൂഷൻ സെൻറർ അടച്ചിട്ടിരിക്കുകയാണ്.