തബലയില്‍ ആരും നടത്താത്ത പരീക്ഷണങ്ങള്‍ നടത്തിയശേഷമാണ് ആസ്വാദകരെ ത്രസിപ്പിച്ച് ലോകം ചുറ്റിയ ഇന്ത്യയുടെ പ്രിയ സംഗീതജ്ഞന്‍ വിടവാങ്ങുന്നത് . വാദനത്തിലെ ചടുലവേഗം അത്രമേല്‍ ഹൃദ്യമായിരുന്നു. നാല് ഗ്രാമിയടക്കമുള്ള പുരസ്കാരങ്ങളാണ് സാക്കിര്‍ നേടിയത്.
തബലയിലെ തലവന്‍, മാന്ത്രികവിരലുകളാല്‍ മായ കാട്ടിയ സുല്‍ത്താന്‍, സാക്കിര്‍ ഹുസൈന്‍ എന്ന പേര് ഓര്‍മകളിലേക്ക് കൊട്ടിക്കയറുമ്പോള്‍, അതൊരു യുഗാന്ത്യം. പിതാവ് അല്ലാ രഖാ കാട്ടിയ വഴികളിലൂടെ തബലയുടെ പുതിയ തേര് തെളിച്ചു സാക്കിര്‍ ഹുസൈന്‍ . ഏഴാമത്തെ വയസ്സില്‍ ആ കുഞ്ഞുകൈകള്‍ അരങ്ങേറ്റം കുറിച്ചത് സരോദ് വിദഗ്ധന്‍
ഉസ്താദ് അലി അക്ബര്‍ ഖാനൊപ്പം. ഉസ്താദിനൊപ്പം നൂറു രൂപയ്ക്ക് ബോംബെ പ്രസ് ക്ലബില്‍ തബല വായിച്ച് വരവറിയിച്ചു, പിന്നീടിങ്ങോട്ട് വര്‍ഷത്തില്‍ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും കച്ചേരികള്‍. സാക്കിര്‍,ആരാധകരുടെ സിരകളിലെ ലഹരിയായി മാറി.
ലോകമറിഞ്ഞവരുടെ കൂടെ, തബലയിലേക്ക് ലോകത്തെ എത്തിച്ച് താളം തുടര്‍ന്നു. ശക്തി എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡടക്കം നിരവധി നവീനമായ പരീക്ഷണങ്ങള്‍. 1991ല്‍ ഗ്രാമി പുരസ്കാരം കയ്യിലേന്തി സാക്കിര്‍ ആരാധകരുടെ ആരവമായി. ഗ്രാമി 2009ല്‍ വീണ്ടും ആ താളത്തിലേക്ക് ചേര്‍ന്നുനിന്നു, പത്മശ്രീ,പത്മഭൂഷണ്‍, അങ്ങനെ കാലം തബലയുടെ അതികായനെ വാരിപ്പുണര്‍ന്നു.
1999ൽ അന്നത്തെ യുഎസ് പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ യുഎസ് സെനറ്റില്‍ വെച്ച് നാഷനല്‍ ഹെറിറ്റേജ് ഫെല്ലാഷിപ്പ് പുരസ്‌കാരം സമ്മാനിച്ചു, സെന്റ് ഫ്രാന്‍സിസ്‌കോ ജാസ് സെന്റര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം. ഇതിലൊതുങ്ങുന്നില്ല നേട്ടങ്ങളുടെ പട്ടിക. സാക്കിര്‍ ഉലകഴകില്‍ ജ്വലിച്ചുനിന്നു. തെളിഞ്ഞ പുഴ പോലെ ഒരു ചിരി തൂകി വാദനത്തിലെ ചടുലവേഗം മറ്റുള്ളവരുടെ മനസ്സിലാഴ്ത്തി. വാനപ്രസ്ഥമടക്കം ഏതാനും ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു . കേരളത്തിന്റെ വാദ്യപാരമ്പര്യത്തിന്റെ കടുത്ത ആരാധകനായിരുന്നു സാക്കിര്‍. മട്ടന്നൂരും പെരുവനവും പ്രിയപ്പെട്ടവര്‍. തബലയുടെ സത്തുമുഴുവന്‍ ഹൃദയങ്ങളിലേക്ക് കൊട്ടിയിറക്കിയാണ് വിരലുകളുടെ സൗന്ദര്യവേഗക്കാരന്‍ എഴുപത്തിമൂന്നാം വയസ്സില്‍ മടങ്ങുന്നത് .സംഗീതത്തിന്‍റെ അനന്തമായ അനൂഭൂതി ഇതിനപ്പുറം പകര്‍ന്നുതരുക എങ്ങനെ.
സലാം, സാക്കിര്‍, സലാം.