ശബരിമല സന്നിധാനത്തെ അരവണ പ്ലാന്‍റ് വിപുലീകരിക്കാൻ ദേവസ്വം ബോർഡ്. ദിവസവും നാല് ലക്ഷം കണ്ടെയ്നർ അരവണ ഉല്‍പ്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്‍റാണ് തിടപ്പളളിയോട് ചേർന്നൊരുങ്ങുക. ഈ സീസൺ കഴിഞ്ഞാലുടൻ അരവണ പ്ലാന്‍റ് വിപുലീകരണ പ്രവൃത്തികൾക്ക് തുടക്കമാകും.
ദിവസവും ശരാശരി മൂന്നരലക്ഷം അരവണ ടിന്നുകളാണ് ശബരിമലയിൽ വിറ്റുപോകുന്നത്. നിലവിലെ അരവണ പ്ലാന്‍റിന്‍റെ ശേഷി ദിവസവും രണ്ടര ലക്ഷം ടിന്നുകൾ. കരുതൽ ശേഖരമുളളതുകൊണ്ട് ഇക്കുറി കടുത്ത അരവണ ക്ഷാമത്തിലേക്ക് കടന്നില്ല. ഭാവിയിൽ പ്രതിസന്ധി കൂടാനുളള സാധ്യത കണക്കിലെടുത്താണ് വിപുലീകരണം. പ്രതിദിനം നാല് ലക്ഷം ടിൻ അരവണ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നര ലക്ഷം ടിൻ അരവണ അധികമായി ഉല്‍പ്പാദിപ്പിക്കാൻ സാധിക്കുന്ന കൂറ്റൻ ബോയ്ലറുകളും പാക്കിംഗ് യൂണിറ്റും സ്ഥാപിക്കേണ്ടി വരും. നിലവിലെ പ്ലാന്‍റിനോട് ചേർന്നാവും പുതിയ സംവിധാനം.
കഴിഞ്ഞ തവണ അരവണ ക്ഷാമം നേരിട്ടപ്പോൾ വിതരണം കുറച്ചിരുന്നു. ഇത്തവണ നാൽപ്പത് ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടായിരുന്നെങ്കിലും ആവശ്യക്കാർ കൂടിയതോടെയാണ് പ്ലാന്‍റ് വിപുലീകരണം ദേവസ്വം ബോർഡ് വേഗത്തിലാക്കുന്നത്.